ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാന്‍ കേന്ദ്രം; നിര്‍ണായക നീക്കത്തിന് പിന്നിലെ ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ വോട്ടര്‍ ഐഡി കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെന്ന പരാതി ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഇക്കാര്യത്തിലെ തീരുമാനമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ചിരിക്കുന്ന യോഗത്തില്‍ ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ ഇരട്ടിപ്പുണ്ടെന്ന കാര്യം പരാതികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ചിരുന്നു. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു.ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാദ്ധ്യത കുറവാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *