സിബിഎസ്ഇ ഫലത്തിൽ വ്യാപക പരാതി; പരീക്ഷാഫലം റദ്ദാക്കി പുനർമൂല്യനിർണയം വേണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ പരീക്ഷാഫലം പൂർണമായി റദ്ദാക്കി പഴയ രീതിയിൽ വീണ്ടും മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. ഓൺസ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതിക്കെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായത്.

പരീക്ഷകൾ എളുപ്പമായിരുന്നുവെന്നും ഉയർന്ന മാർക്ക് പ്രതീക്ഷിച്ചിരുന്നുവെന്നും പറയുന്ന നിരവധി വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്ന് പരാതി ഉയരുന്നു. പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ പലർക്കും ലഭിച്ച രേഖകൾ വായിക്കാനാവാത്ത നിലയിലായിരുന്നുവെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു.

ശരിയായ ഉത്തരങ്ങൾക്ക് പോലും പൂജ്യം മാർക്ക് നൽകിയതായി ആരോപിച്ച് ചില ഉത്തരക്കടലാസുകളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാനുള്ള ചുമതല സ്വകാര്യ ഏജൻസികൾക്ക് നൽകിയതാണ് പ്രധാന പ്രശ്നമെന്നാണ് വിമർശനം.

അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകാതെയാണ് പുതിയ മൂല്യനിർണയ രീതിയിലേക്ക് കടന്നതെന്നും പരാതിയുണ്ട്. പുനർമൂല്യനിർണയ സംവിധാനവും താറുമാറായ നിലയിലാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പകർപ്പ് ആവശ്യപ്പെട്ടിട്ടും പലർക്കും ഉത്തരക്കടലാസുകൾ ലഭിച്ചിട്ടില്ലെന്നും സ്കൂളുകൾക്കും സിബിഎസ്ഇയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും പറയുന്നു.

ഡൗൺലോഡ് ചെയ്ത പിഡിഎഫുകളിലും പിഴവുകളുണ്ടെന്നാണ് മറ്റൊരു ആരോപണം. ഇതിനിടെ, ഔദ്യോഗിക വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാറുകളും വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

പ്രശ്നങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ ഓൺസ്ക്രീൻ മാർക്കിംഗ് രീതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button