ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം. വി. ഗോവിന്ദനും ജോൺ ബ്രിട്ടാസും അടക്കമുള്ള സിപിഎം നേതാക്കളെ ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചുതുടങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, വി. ജോയി, ബിനീഷ് കോടിയേരി എന്നിവരടക്കമുള്ള നേതാക്കളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ. പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഉണ്ണി ഡി. എസ്. എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

സർക്കാരിന്റെയും ഇ.ഡിയുടെയും എതിർപ്പ് തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 21 ആയി. 68 ദിവസത്തിലേറെയായി പ്രതികൾ ജയിലിൽ കഴിയുന്നതും കേസ് അവസാനഘട്ടത്തിലെത്തിയതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

മെയ് 27-ന് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ ഇ.ഡി എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു പരിശോധന.

പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞ് കല്ലും ഇഷ്ടികയും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button