പാകിസ്ഥാനിൽ പാസഞ്ചർ ട്രെയിനിന് നേരെ ബോംബാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ക്വറ്റ: ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ട് നടന്ന ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 50ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്.
ക്വറ്റയ്ക്കു സമീപം നടന്ന സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ നിരവധി ബോഗികൾ പാളം തെറ്റി തീപിടിച്ചു. കത്തിയമരുന്ന ബോഗികളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന ഐഇഡി (Improvised Explosive Device) റിമോട്ട് കൺട്രോൾ വഴി പൊട്ടിത്തെറിപ്പിച്ചതാണെന്നാണ് പുറത്തുവരുന്ന വിവരം. സ്ഫോടനത്തെ തുടർന്ന് ട്രെയിൻ പൂർണമായും കത്തിനശിച്ചു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ക്വറ്റയിലെയും സമീപ പ്രദേശങ്ങളിലെയും സൈനിക-സിവിൽ ആശുപത്രികളിലേക്ക് മാറ്റി.
ബലൂചിസ്ഥാൻ വിഘടനവാദി സംഘടനകൾക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം. സംഭവത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ഭീകരാക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



