ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസ്; നടൻ Dulquer Salmaanനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസിൽ നടൻ Dulquer Salmaanനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഈ വാഹനങ്ങൾ നിലവിൽ എവിടെയാണെന്ന് കണ്ടെത്താൻ ചെന്നൈ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് കസ്റ്റംസ് തീരുമാനം.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാർ ഉടമകളെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഏഴ് മണിക്കൂറിലേറെ Dulquer Salmaanനെ ചോദ്യം ചെയ്തിരുന്നു. കാർ കള്ളക്കടത്തിലൂടെ ഇന്ത്യയിലെത്തിച്ചതാണെന്ന വിവരം തനിക്ക് അറിയില്ലെന്നായിരുന്നു ദുൽഖറിന്റെ മൊഴി. എന്നാൽ ഈ വിശദീകരണം കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം.

കേസിൽ ഇതുവരെ ദുൽഖറിന്റെ നാല് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാൻ അതിർത്തി വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ എന്ന പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്തുവന്നത്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്ക്ക് വിറ്റഴിച്ചുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേരുടെ കൈവശം ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പല കൈമാറ്റങ്ങൾക്കൊടുവിൽ കേരളത്തിലെത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ നാൽപ്പതോളം വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 200ഓളം വാഹനങ്ങൾ കേരളത്തിലെത്തിയിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ശേഷിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button