ഓട്ടോറിക്ഷയുടെ എൻജിൻ മാറ്റി തട്ടിപ്പ്; ചേസിസ് നമ്പറിൽ കൃത്രിമം, മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സർവീസിനായി നല്‍കിയ ഓട്ടോറിക്ഷയുടെ എൻജിൻ മാറ്റി സ്ഥാപിച്ചും ചേസിസ് നമ്ബറില്‍ കൃത്രിമം കാട്ടിയും വഞ്ചന നടത്തിയ സംഘം പൊലീസിന്റെ പിടിയില്‍.വട്ടിയൂർക്കാവ് സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. വാഹനത്തിന്റെ റീ-ടെസ്റ്റിന് മുന്നോടിയായുള്ള മിനുക്കുപണികള്‍ക്കായാണ് പരാതിക്കാരൻ ഓട്ടോറിക്ഷ മരുതൻകുഴിയില്‍ വർക്ക്ഷോപ്പ് നടത്തുന്ന ആനന്ദിനെ ഏല്‍പ്പിച്ചത്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം തിരികെ നല്‍കാൻ ആനന്ദ് തയ്യാറായില്ല. സംശയം തോന്നിയ ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വാഹനം പൊളിച്ചതായും കൃത്രിമം നടത്തിയതായും കണ്ടെത്തി. രാജേഷ് കുമാറിന്റെ സഹായത്തോടെ ആനന്ദ് പരാതിക്കാരന്റെ ഓട്ടോറിക്ഷയുടെ എൻജിൻ അഴിച്ചെടുത്തു. ഈ എൻജിൻ മുഹമ്മദ് സല്‍മാന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കുകയായിരുന്നു.

കൂടാതെ വാഹനത്തിന്റെ ചേസിസ് നമ്ബറില്‍ കൃത്രിമം വരുത്തുകയും ചെയ്തു. സല്‍മാൻ ഈ വാഹനം റോഡില്‍ ഓടിച്ചുവരികയായിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കുറ്റകൃത്യം തെളിഞ്ഞതോടെ മൂവരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വർക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച്‌ സമാനമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *