സൗദിയിലേക്ക് പോകാൻ ഇനി ഒരു ലക്ഷം വേണം! വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു; ദുരിതത്തിലായി മലയാളി പ്രവാസികൾ

മലപ്പുറം: സംഘർഷാവസ്ഥയെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചതോടെ കടുത്ത പ്രതിസന്ധിയിലായി പ്രവാസികൾ. കേരളത്തിൽനിന്ന് ജിദ്ദയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപ കടന്നതായാണ് റിപ്പോർട്ട്. സംഘർഷത്തിന് മുമ്പ് 15,000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റിനാണ് ഇപ്പോൾ പലമടങ്ങ് തുക നൽകേണ്ടിവരുന്നത്.

നേരിട്ടുള്ള വിമാന സർവീസുകൾ കുറഞ്ഞതോടെ കണക്ടിങ് വിമാനങ്ങളെയാണ് യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത്. ഇതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. കൊച്ചിയിൽനിന്ന് ജിദ്ദയിലേക്കുള്ള സൗദിയ എയർലൈൻസിന്റെ നേരിട്ടുള്ള സർവീസിൽ ഇക്കണോമി ക്ലാസിന് ഏകദേശം 67,000 രൂപയാണ് നിരക്ക്. സീറ്റുകൾ പരിമിതമായതിനാൽ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഫ്ലെക്സി നിരക്കിൽ ടിക്കറ്റ് ഒരു ലക്ഷം രൂപ കടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

നേരിട്ടുള്ള വിമാനത്തിൽ ആറര മണിക്കൂറിനുള്ളിൽ ജിദ്ദയിലെത്താമെങ്കിൽ കണക്ടിങ് വിമാനങ്ങളിൽ യാത്രയ്ക്ക് 16 മുതൽ 20 മണിക്കൂർ വരെ വേണ്ടിവരും.

കണക്ടിങ് വിമാനങ്ങളിലും ഉയർന്ന നിരക്ക്

ഇന്ത്യയിൽനിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ പല വിമാനക്കമ്പനികളും റദ്ദാക്കിയതോടെ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള യാത്രകൾക്കും ചെലവേറുകയാണ്.

  • ഖത്തർ എയർവേയ്‌സ്: കൊച്ചിയിൽനിന്ന് ദോഹയിലേക്ക് ഏകദേശം 56,000 രൂപ; ദോഹയിൽനിന്ന് ജിദ്ദയിലേക്ക് വീണ്ടും 43,000 രൂപ.
  • ഗൾഫ് എയർ: കൊച്ചിയിൽനിന്ന് ബഹ്‌റൈനിലേക്ക് ഏകദേശം 37,000 രൂപ; അവിടെനിന്ന് ജിദ്ദയിലേക്ക് 24,000 രൂപയോളം.
  • കുവൈത്ത് വഴി: യാത്രയ്ക്ക് 45,000 രൂപയ്ക്കു മുകളിൽ ചെലവാകുന്നു.

ഈ റൂട്ടുകളിലും ടിക്കറ്റ് ലഭ്യത കുറവാണെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മലയാളി പ്രവാസികളുള്ളതിനാൽ വിമാന സർവീസുകളിലെ നിയന്ത്രണങ്ങളും നിരക്ക് വർധനയും കേരളത്തിൽനിന്നുള്ള യാത്രക്കാരെയാണ് കാര്യമായി ബാധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button