അഞ്ജനയെ ഇടിച്ച ശേഷം അനില കടന്നത് പിന്തുടർന്ന് കണ്ടെത്തി; ഞെട്ടിക്കുന്ന ദൃക്‌സാക്ഷി മൊഴികൾ പുറത്ത്

വാഷിംഗ്‌ടൺ: കാലിഫോർണിയയിലെ മിൽപീറ്റസിൽ തൃശൂർ സ്വദേശിനി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ ദൃക്‌സാക്ഷി വിവരങ്ങളടക്കം പുറത്ത്. സംഭവത്തിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മിൽപീറ്റസ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർ കുറ്റം സമ്മതിച്ചെന്നാണ് വിവരം.
ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ് മിൽപീറ്റസിലെ 440 ഡിക്‌സൺ ലാൻഡിംഗ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്‌മെന്റ്‌സിൽ അപകടം നടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. അപ്പാർട്ട്‌മെന്റിലെ ബിൽഡിംഗ് എഫിന് സമീപത്തായി നീല നിറത്തിലെ എസ്‌യുവി കാൽനടയാത്രക്കാരിയെ ഇടിച്ചെന്ന വിവരമായിരുന്നു പൊലീസിന് ലഭിച്ചത്. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി. ഈ സമയം തലയിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ പാർക്കിംഗ് ലോട്ടിൽ കിടക്കുകയായിരുന്നു അഞ്ജന. പാരമെഡിക്‌സ് സംഘം അഞ്ജനയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.അഞ്ജന കിടന്നിരുന്നതിന്റെ സമീപത്തായി പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളുടെ വശങ്ങൾ തകർന്നിട്ടുണ്ടായിരുന്നു. ഇതിനിടെ നീല നിറത്തിലെ എസ്‌യുവി വളരെ അശ്രദ്ധമായി ഓടിച്ചുപോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.
പൊലീസിന്റെ പട്രോളിംഗ് വാഹനം കടന്നുപോയ ഉടനെ ഈ വാഹനം മിൽപീറ്റസ് ബൊബാർഡിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തതായും വിളിച്ചയാൾ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുന്നതുവരെ ഇയാൾ വാഹനത്തെ നിരീക്ഷിക്കുകയും ചെയ്തു.പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ എസ്‌യുവിയുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു.
കാറിനുള്ളിൽ ഇരിക്കുകയായിരുന്ന അനിലയെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല, പരസ്‌പര വിരുദ്ധമായാണ് ഇവർ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരുടെ കൈകാലുകളിൽ പരിക്കും രക്തക്കറയുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണത്തിൽ പ്രതിയും കൊല്ലപ്പെട്ട യുവതിയും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് മനസിലാക്കി.
അഞ്ജനയുടെമേൽ കാർ മനഃപ്പൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്നും മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചതിനുശേഷം നിർത്താതെ പോവുകയായിരുന്നുവെന്നാണ് ഒരു ദൃക്‌സാക്ഷി മൊഴി. അതിവേഗത്തിൽ നീല കാർ പാഞ്ഞുവരുന്നത് കണ്ടുവെന്നും പിന്നീട് ഒരു യുവതി റോഡിൽ കിടക്കുന്നത് കണ്ടുവെന്നുമാണ് മറ്റ് ചിലർ മൊഴി നൽകിയത്. വാഹനം ഓടിച്ചിരുന്നത് ഇന്ത്യൻ വംശജയായിരുന്നുവെന്നും ചിലർ പൊലീസിനെ അറിയിച്ചു.
അഞ്ജന ബാഗുമായി കാറിനുനേരെ വരുന്നത് കണ്ടുവെന്നാണ് സംഭവസ്ഥലത്ത് കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്ന ദൃക്‌സാക്ഷി മൊഴി നൽകിയത്. ഡ്രൈവർ യുവതിയുടെ സുഹൃത്തോ ഊബറോ ആയിരിക്കുമെന്നാണ് കരുതിയത്. യുവതി അടുത്തെത്തിയപ്പോൾ പെട്ടെന്ന് മുന്നോട്ട് കുതിച്ച് ഇടിക്കുകയായിരുന്നുവെന്നും മൊഴിയുണ്ട്.
കാർ ഇടിക്കുന്നതിന് തൊട്ടുമുൻപ് ബ്രേക്ക് ചെയ്തതിന്റെ പാടുകളില്ലെന്ന് പരിശോധനയിൽ ട്രാഫിക് ഓഫീസർമാരും കണ്ടെത്തി. ഇതിന്റെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ അനില മനഃപ്പൂർവം കാറിടിക്കുകയായിരുന്നുവെന്ന് ഉറപ്പിക്കുകയായിരുന്നു. അനിലയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനഃപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കുമെന്നാണ് വിവരം.



