അമിത് ഷായുടെ പുതിയ നീക്കം; ലഹരിക്കെതിരെ കേരള മോഡൽ ദേശീയതലത്തിൽ

ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ വിപുലമായ കർമപദ്ധതിയുമായി രംഗത്തെത്തി. കേരളത്തിൽ ശ്രദ്ധേയ വിജയമായി മാറിയ ‘ഓപ്പറേഷൻ തൂഫാൻ’ മയക്കുമരുന്ന് വേട്ടയുടെ മാതൃകയിലാണ് ദേശീയതലത്തിലുള്ള പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026–2029)’ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി Amit Shah രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും കർശന സമയപരിധികളും നിശ്ചയിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
പദ്ധതിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി പിടിച്ചെടുത്ത വൻതോതിലുള്ള ലഹരിമരുന്ന് നാളെ ഒരുമിച്ച് നശിപ്പിക്കും. വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ പിടികൂടിയ ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കത്തിച്ചുചാമ്പലാക്കുക. ലഹരി മാഫിയകൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ നടപടി.
കൂടാതെ, ലഹരി കടത്തും വിപണനവും പ്രാദേശികതലത്തിൽ തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനവും നിലവിൽ വരും. ലഹരിക്കേസുകളിലെ പ്രതികളെയും അവരുടെ സാമ്പത്തിക സ്രോതസ്സുകളെയും നിരീക്ഷിക്കാൻ രാജ്യവ്യാപക ഡിജിറ്റൽ ഡാറ്റാബേസ് ഒരുക്കാനും കേന്ദ്രം തീരുമാനിച്ചു.
സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക നാർക്കോട്ടിക് വിഭാഗം രൂപീകരിക്കും. ഇതോടൊപ്പം, മയക്കുമരുന്ന് കേസുകളിൽ വേഗത്തിലുള്ള കർശന ശിക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം കൂടുതൽ എൻ.ഡി.പി.എസ് പ്രത്യേക കോടതികളും സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.



