വട്ടിയൂർക്കാവ് എസ്.എച്ച്.ഒക്കെതിരെ റിട്ട. ഡി.ജി.പി. ആർ. ശ്രീലേഖയുടെ ഇടപെടൽ ആരോപണം: ചീഫ് സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ ലക്ഷ്യമിട്ട് റിട്ടയേർഡ് ഡി.ജി.പി.യും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ ഇടപെടുന്നുവെന്ന ഗുരുതര ആരോപണവുമായി ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോഗികമായി പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നിയമ-ക്രമസമാധാനം നിലനിർത്താൻ പോലീസ് നടത്തിയ ഇടപെടലിനിടെയാണ് വിവാദം ഉയർന്നത്. പെൺകുട്ടിയെ അസഭ്യം പറഞ്ഞെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇരു വിഭാഗങ്ങളെയും സ്റ്റേഷനിൽ വിളിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ നിന്ന് മടങ്ങിയ ഒരാളെ ഒരു സംഘം ആക്രമിക്കുകയും, ഗുരുതരമായി പരിക്കേറ്റയാളെ പേരൂർക്കട സർക്കാർ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ബിജെപിയും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി. ഇരുവിഭാഗങ്ങളും ആയുധങ്ങളുമായി ഏറ്റുമുട്ടിയ സാഹചര്യത്തിൽ പോലീസ് നിയമാനുസൃതമായി ലാത്തിച്ചാർജ് നടത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

ഇത്തരം സാഹചര്യത്തിൽ അക്രമം തടയാൻ പോലീസ് നടത്തിയ നടപടികളെ ചോദ്യം ചെയ്യുന്നതും, എസ്.എച്ച്.ഒക്കെതിരെ പൊതുവേദികളിൽ വിമർശനവുമായി രംഗത്തെത്തുന്നതും അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നതാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആരോപിക്കുന്നു. മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖയുടെ ഇത്തരം ഇടപെടലുകൾ പൊതു സംവിധാനത്തിന്റെ വിശ്വാസ്യതക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘർഷം നിയന്ത്രിക്കാൻ നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെ വ്യക്തിപരമായ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നുവെന്ന ആരോപണവും ഉയർത്തിയിട്ടുണ്ട്. ആർ. ശ്രീലേഖക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *