കെഎസ്ആർടിസിയിൽ എഐ വാട്സ്ആപ്പ് ടിക്കറ്റിങ് നാളെ മുതൽ; 24 മണിക്കൂർ ടോൾ ഫ്രീ സേവനവും

തിരുവനന്തപുരം: യാത്രക്കാർക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം ഓഗസ്റ്റ് 6 (വ്യാഴാഴ്ച) മുതൽ ആരംഭിക്കും.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. കെഎസ്ആർടിസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പർ 149-നും മന്ത്രി തുടക്കം കുറിക്കും.
ഇതോടൊപ്പം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കൊറിയർ സേവനവും പുറത്തിറക്കും. മികച്ച പ്രവർത്തനം കാഴ്ചവെച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.
ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളിധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത സെക്രട്ടറി ടി.വി. അനുപമ, കെഎസ്ആർടിസി സി.എം.ഡി പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
അതേസമയം, സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ഖേദം പ്രകടിപ്പിച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് ഖേദപ്രകടനം.



