എഐ നഗ്നചിത്ര പരസ്യങ്ങൾ ഇൻസ്റ്റയിലും ഫേസ്‌ബുക്കിലും; ഉറവിടം ചൈനയെന്ന് റിപ്പോർട്ട്

ബീജിംഗ്: എഐ ഉപയോഗിച്ച് വ്യാജ നഗ്നചിത്രങ്ങൾ നിർമിക്കുന്ന ആപ്പുകളുടെ പരസ്യങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രദർശിപ്പിച്ചതായി കണ്ടെത്തൽ. മെറ്റയുടെ ചൈനയിലെ പരസ്യപങ്കാളികളിൽ ഒരാളിൽ നിന്നാണ് ഇവയെത്തിയതെന്നാണ് ഗവേഷണ സംരംഭമായ ടെക് ട്രാൻസ്‌പരൻസി പ്രോജക്‌ടിന്റെ കണ്ടെത്തൽ. ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മെറ്റയുടെ നയങ്ങൾക്കെതിരാണ്.

മെറ്റയുടെ സോഷ്യൽ മീഡിയ സേവനങ്ങളിൽ പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്ന ചൈനീസ് സ്ഥാപനങ്ങളെ യുഎസ് കമ്പനിയുമായി ബന്ധിപ്പിക്കുന്ന ബീജിംഗ് ആസ്ഥാനമായുള്ള ‘ഗാതർവൺ ഇൻ‌കോർപ്പറേഷൻ’ എന്ന സ്ഥാപനത്തെക്കുറിച്ചാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ സ്ഥാപനം സ്ത്രീകളുടെ മുഖം നഗ്നശരീരങ്ങളിലേക്ക് മാറ്റാനും ലൈംഗിക വീഡിയോകൾ സൃഷ്ടിക്കാനും കഴിയുന്ന മൊബൈൽ ആപ്ലിക്കേഷനുകൾക്കായി ഏകദേശം 7600 പരസ്യങ്ങൾ സമീപ മാസങ്ങളിൽ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചൈൽഡ് പോണോഗ്രഫിയെന്ന് ചില ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചവ പങ്കിടാൻ അനുവദിക്കുന്ന ഒരു ആപ്പിനെക്കുറിച്ചും (ചൈനയിൽ സൃഷ്ടിച്ചത്) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ചൈനയിൽ ലഭ്യമല്ലെങ്കിലും ആഗോള പ്രേക്ഷകരെ തേടുന്ന ചൈന ആസ്ഥാനമായുള്ള ബിസിനസുകൾക്ക് ഇവ ആകർഷകമായ പ്രമോഷണൽ ഉപകരണങ്ങളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, എല്ലാ പരസ്യദാതാക്കളും മെറ്റയുടെ പരസ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മെറ്റ വക്താവ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കി. മെറ്റയുടെ നയങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പരസ്യങ്ങളുടെ റദ്ദാക്കൽ, സാമ്പത്തിക പിഴ, പരസ്യ അക്കൗണ്ടുകൾ അവസാനിപ്പിക്കൽ എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button