അഹമ്മദാബാദ് വിമാനാപകടം;ഡി എൻഎ പരിശോധനയ്ക്കായി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക്

പത്തനംതിട്ട:വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായത്. രഞ്ജിതയുടെ വീട്ടിൽ മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർ ഇന്ന് എത്തും.

അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്. 290 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.

യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. എട്ടുമണിയോടെ ദുരന്ത മേഖലയിൽ എത്തുമെന്ന് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *