നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം; അതിജീവിതയുടെ പുനരന്വേഷണ ഹർജി നാളെ ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ആരോപണവുമായി അതിജീവിത നൽകിയ പുനരന്വേഷണ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇതിന് മുമ്പ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.
മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് മൂന്ന് തവണ തുറന്ന് പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം.
2017 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതെ വിട്ടിരുന്നു. ആദ്യ ആറ് പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.



