‘സിപിഎമ്മിനെ തകർക്കാമെന്ന ദുർമോഹം വേണ്ട’; തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം: പിണറായി വിജയൻ

തിരുവനന്തപുരം: ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്നും ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുകയാണെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമെന്നും കൂട്ടിച്ചേർത്തു. തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട. മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉണ്ടായിരുന്നത്. 2016ൽ അധികാരത്തിൽ വന്നപ്പോൾ തന്നെ കടന്നാക്രമണങ്ങൾ ഉണ്ടായി.
ഇഡി ആരോപണത്തിന്റെ ദിശ മാറ്റുന്നുവെന്നും പിണറായി വിജയൻ വിമര്‍ശിച്ചു. സേവനം നൽകാതെ എക്സാലോജിക്കിന് പണം നൽകിയെന്നായിരുന്നു ആരോപണം. സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. ഇതിൽ നിന്ന് വ്യത്യസ്തമായത് ഇപ്പോള്‍ ഇഡി പറയുന്നു. ആനൂകൂല്യം നൽകിയതിലെ കൈക്കൂലിയെന്നത് പുതിയ ഭാഷ്യം.
സിഎംആര്‍എല്ലിന് എങ്ങനെയാണ് വഴിവിട്ട സഹായം ചെയ്തത്? കേരള ഹൈക്കോടതി തെളിവില്ലെന്ന് പറഞ്ഞതാണ്. വ്യക്തിപരമായ ആക്രമണമല്ലെന്നും പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പിണറായി വിജയൻ ആരോപിച്ചു. ഇഡിയുടെ അന്വേഷണം എന്നിലേക്ക് എത്തിക്കാനാണ് ശ്രമം. നിയമത്തെ രാഷ്ട്രീയ ആയുധമാക്കാൻ ശ്രമം. മുഖ്യമന്ത്രിയെന്ന നിലയിൽ എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്നും പിണറായി വിജയൻ ചോദിച്ചു. പുതിയ കേസ് സൃഷ്ടിക്കാനുള്ള ശ്രമമാണ്.
ഇഡി കണ്ടെത്തൽ വീണ സമ്മതിച്ചെന്ന് പറയുന്നത് ശുദ്ധനുണയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഉണ്ടയില്ലാ വെടി കേട്ട് ഞെട്ടുമെന്ന് കരുതേണ്ട. സിപിഐ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, സിപിഐ എന്തുകൊണ്ട് പറയുന്നില്ലെന്ന് തനിക്ക് പറയാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു



