തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടഞ്ഞു യുവതിയുടെ വിചിത്ര ആവശ്യം, മന്ത്രിമാർക്കും അങ്കലാപ്പ്

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാർ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വിചിത്ര ആവശ്യവുമായി യുവതി. യുവതി പത്ര സമ്മേളന ഹാളിലേക്ക് വാർത്ത സമ്മേളനം തടസപ്പെടുത്തി നിന്നതിനെ തുടർന്ന് മന്ത്രിമാരുടെ പത്രസമ്മേളനം ഏറെ നേരം വൈകി. ദുരന്തവുമായി യാതൊരു ബന്ധവുമില്ലാത്ത യുവതി കളക്ടറേറ്റിൽ മറ്റ് എന്തോ പരാതി നൽകാൻ എത്തിയപ്പോഴാണ് മന്ത്രിമാരുടെ വാർത്താസമ്മേളനം നടക്കുന്നത് കണ്ടത്.
ഉടൻതന്നെ ഡൈയസിലേക്ക് എത്തി തന്റെ വീടുമായി ബന്ധപ്പെട്ട വിചിത്രമായ ആവശ്യങ്ങൾ മന്ത്രിമാരോട് പറയുകയായിരുന്നു. യുവതി എന്താണെന്ന് പറയുന്നതെന്ന് മനസ്സിലാകാത്ത മന്ത്രിമാർ ആകെ അങ്കലാപ്പിലായി. യാതൊരു കുലുക്കവും ഇല്ലാതെ തന്റെ ആവശ്യം പരിഹരിച്ചു മാത്രമേ ഇവിടെ നിന്ന് പോകുമെന്നായിരുന്നു യുവതി പറഞ്ഞത്. മന്ത്രിമാരായ വി എം വാസവൻ ബിന്ദു എം ബി രാജേഷ് കടന്നപ്പള്ളി രാമചന്ദ്രൻ കെ രാജൻ എന്നിവർ ഡയസിൽ ഉണ്ടായിരുന്നു. ഇവർ ശ്രദ്ധാപൂർവ്വം യുവതിയുടെ പരാതി കേൾക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി യുവതിയെ അനുനയിപ്പിച്ച് സമ്മേളന സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.



