നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കേണ്ടതില്ലെന്ന ,രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ ; അരുണ്‍ ലക്ഷ്മണ്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണ്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ വിട്ടു നില്‍ക്കുന്നത് മൂലം താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് അരുണ്‍ ലക്ഷ്മണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

സംസ്ഥാനത്തെ രണ്ട് പ്രധാന മുന്നണികളായ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വിമുഖത കാണിക്കുന്നതെന്നാണ് എഫ്ബി പോസ്റ്റിലെ ചോദ്യം. ‘പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണ്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നിലമ്പൂര്‍ വിഷയത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. ബിജെപിക്ക് ഇതുവരെ ജയിക്കാന്‍ കഴിയാത്ത മണ്ഡലമാണ് നിലമ്പൂര്‍. ന്യൂനപക്ഷ സ്വാധീനമുള്ള സ്ഥലമാണ്.

ഏഴു മാസത്തേക്ക് മാത്രമായി എംഎല്‍എയെ തിരഞ്ഞെടുക്കാനാണ് മത്സരം നടക്കുന്നത്. ഏഴു മാസം കൊണ്ട് ഒരു എംഎല്‍എയ്ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ഈ കാര്യങ്ങള്‍ എല്ലാം പാര്‍ട്ടി പരിഗണിക്കും. പാര്‍ട്ടി സ്ഥാനാര്‍ഥി, എന്‍ഡിഎ സ്ഥാനാര്‍ഥി, സ്വതന്ത്ര സ്ഥാനാര്‍ഥി തുടങ്ങി പല മാര്‍ഗങ്ങളും മുന്നിലുണ്ട്. മത്സരിക്കാന്‍ വേണ്ടിയല്ല ജയിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ബിഡിജെഎസ് മുന്‍പ് നിലമ്പൂരില്‍ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ വിഷയം എന്‍ഡിഎ ചര്‍ച്ച ചെയ്തു തീരുമാനിക്കും’ രാജീവ് ചന്ദ്രശേഖറിന്റെ ഈ നിലപാടിലാണ് വിമര്‍ശനം.

പാര്‍ട്ടി അധ്യക്ഷന്റെ ഈ നിലപാട് അങ്ങേയറ്റം നിരാശാജനകവും ജനാധിപത്യ വിരുദ്ധമാണെന്നാണ് അരുണ്‍ ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നത്.വര്‍ഷങ്ങളായി താഴെത്തട്ടില്‍ ബിജെപിയെ വളര്‍ത്താന്‍ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ ഇതിനായി ബലി കഴിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ വളര്‍ച്ച ആകസ്മികമായി സംഭവിച്ചതല്ല. നിരന്തര പ്രയത്‌നത്തിലൂടെയും സമര്‍പ്പണത്തിലൂടെയും നേടി എടുത്തതാണ്. 2016ലെ നേമത്തെ വിജയവും 2024ലെ തൃശൂര്‍ വിജയവും ഇങ്ങനെ നേടി എടുത്തതാണ്. രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ ഉപദേശകരും ദശാബ്ദങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗത്തെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന രാജീവിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് അരുണ്‍ കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് പ്രവര്‍ത്തകരൂടെ മനോവീര്യം തകര്‍ക്കാനിടയാക്കും. തിരഞ്ഞെടുപ്പ് കാലാവധി എത്ര ചെറുതായാലും വേണ്ടില്ല, പാര്‍ട്ടി അതില്‍ പങ്കെടുക്കുമ്പോഴാണ് ജനസ്വാധീനം ഉണ്ടാകുന്നത്. ഒളിച്ചോടല്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയാനിടയാക്കും. തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ഒരു പാര്‍ട്ടിയുടെ ലക്ഷ്യം, മറിച്ച് സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയപ്രചരണം കൂടിയാണ് തിരഞ്ഞെടുപ്പ്. ഇത്തരം കാര്യങ്ങള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയണമെന്നും അരുണ്‍ ലക്ഷ്മണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *