പാലക്കാട്: നിർത്തിയിട്ട സ്‌കൂട്ടറിൽ തീപിടിച്ച് ആറ് വയസുകാരന് പൊള്ളലേറ്റു. പാലക്കാട് മണ്ണാർകാട് ചന്തപ്പടിയിൽ ഇന്നലെ രാത്രി 11 മണിക്കാണ് സംഭവമുണ്ടായത്. നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ഹനാനുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യാത്രയ്‌ക്കിടെ ഫോൺ കോൾ വന്നതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി സംസാരിക്കുന്നതിനിടെയാണ് തീപിടിച്ചത്. എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടൻ തന്നെ ഹംസക്കുട്ടി മകനെ എടുത്ത് മാറ്റി. പക്ഷേ, മുന്നിലിരുന്ന കുട്ടിയുടെ കാലിന് പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. വിദഗ്ദ്ധ ചികിത്സ നൽകിയ ശേഷം ഹനാനെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിനാണ് തീപിടിച്ചത്. ഇതിന്റെ കാരണം എന്താണെന്നുള്ളത് അധികൃതർ പരിശോധിച്ച് വരികയാണ്.