ഭക്ത ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ ചരിത്രം

തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ശാക്തേയ ക്ഷേത്രമാണ് ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ കിഴക്കേ കോട്ടയ്ക്ക് സമീപം കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് ശില്പ ചാരുതയാൽ മനോഹരമായ ഈ ഭഗവതി ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്രം നഗരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ തിരുവനന്തപുരം നഗരം സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. തമ്പാനൂരിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്. തെക്കേ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളുടെയും, ഭഗവതി ഭക്തരുടെയും, ഉപാസകരുടെയും ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയായി ആറ്റുകാൽ ഭഗവതി ക്ഷേത്രം കണക്കാക്കപ്പെടുന്നു. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് “ആറ്റുകാലമ്മ” എന്നറിയപ്പെടുന്നത്. സാധാരണക്കാർ ‘ആറ്റുകാൽ അമ്മച്ചി’ എന്ന് വിളിക്കുന്ന ഇവിടുത്തെ ഭഗവതി സർവ അനുഗ്രഹദായിനിയും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നവളുമാണ് എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂർ ഭഗവതി ചൈതന്യം തന്നെയാണ് ആറ്റുകാലിലും കുടികൊള്ളുന്നത് എന്നാണ് ഐതീഹ്യം.



