തലസ്ഥാനം വെള്ളക്കെട്ടിലായതിന് കാരണം ശിവൻകുട്ടിയുടെ കാലത്തെ വികസനമില്ലായ്മ; വിമർശനവുമായി രാജേഷ്

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കും മേയർ വി വി രാജേഷിനുമെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. ഇതോടെ നഗരത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗതാഗതം പൂർണമായും സ്തംഭിക്കുകയും പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഡ്രെയിനേജ് ഹോളുകൾ വൃത്തിയാക്കാൻ പൊലീസും ശുചീകരണ തൊഴിലാളികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഓടകൾക്ക് കൃത്യമായ ആഴമില്ലാത്തതാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.ഭരണസമിതിയുടെ ‘വികസിത തിരുവനന്തപുരം’ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് മുൻ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ കോർപറേഷന്റെ ബ്ലൂ പ്രിന്റ് എന്ന് അദ്ദേഹം ചോദിച്ചു.
മാലിന്യം നീക്കാൻ പൊലീസിന് ഇറങ്ങേണ്ടി വന്നത് കോർപറേഷന്റെ വീഴ്ചയാണെന്ന് മുൻ മേയർ വി കെ പ്രശാന്തും, ഓടകൾ യഥാസമയം വൃത്തിയാക്കണമെന്ന് എൽഡിഎഫ് നേതാവ് എസ് പി ദീപക്കും ആവശ്യപ്പെട്ടു. വെള്ളക്കെട്ടിന്റെ പൂർണ ഉത്തരവാദിത്തം കോർപറേഷനാണെന്നും അടിയന്തര നടപടി വേണമെന്നും യുഡിഎഫ് നേതാവ് കെ എസ് ശബരീനാഥനും വ്യക്തമാക്കി.ഇതിനിടെ, സാഹചര്യം വിലയിരുത്തുന്നതിനായി ഗോവയിലായിരുന്ന മേയർ വി വി രാജേഷ് ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെ തലസ്ഥാനത്ത് തിരിച്ചെത്തി.
പ്രശ്നപരിഹാരത്തിനായി രാവിലെ പത്ത് മണിക്ക് ഹെൽത്ത് സർക്കിൾ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മേയർ വിളിച്ചുചേർത്തിരുന്നു. 45 വർഷം ഭരിച്ച് തിരുവനന്തപുരം നഗരത്തെ ഇപ്പോഴത്തെ ദുർഗതിയിലാക്കിയ വി ശിവൻകുട്ടി ഇപ്പോൾ കോർപ്പറേഷനെ ഭരിക്കാൻ വരേണ്ടെന്നാണ് വി വി രാജേഷ് പ്രതികരിച്ചത്. ശിവൻകുട്ടി മേയറായിരുന്നപ്പോഴാണ് വികസനത്തിന്റെ അടിവേരറ്റത്. ഗുണ്ടായിസത്തിലൂടെ എല്ലാം നടപ്പാക്കാനാണ് ശിവൻകുട്ടി ശ്രമിച്ചതെന്നും രാജേഷ് പറഞ്ഞു.



