“നേതൃത്വത്തിന് മുന്നിൽ വിശദീകരണവുമായി പി. ജയരാജൻ; ഇ.പിയുടെ ആരോപണങ്ങൾ തള്ളി”

തിരുവനന്തപുരം: ഇ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതൃത്വത്തെ നേരിട്ട് അറിയിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ഇ പി ജയരാജന്റെ പരാതി അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചതിന് പിന്നാലെ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പിണറായി വിജയനെയും നേരിൽ കണ്ടാണ് അദ്ദേഹം വിശദീകരണം നൽകിയത്.

ദുബായിലെ പ്രവാസി സംഘടന നേതാവ് ആവശ്യപ്പെട്ട പ്രകാരം ഒരു പ്രശ്നം പരിഹരിക്കാൻ ഇരുന്നപ്പോഴെടുത്ത ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് പി ജയരാജൻ വ്യക്തമാക്കി. 2023 നവംബറിലെ ഈ ചിത്രം 2026-ലേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു. എന്നാൽ, വിശദീകരണങ്ങൾ അന്വേഷണ കമ്മീഷന് മുന്നിൽ ബോധിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ മറുപടി. അതേസമയം, ദുബായ് ചർച്ചയ്ക്ക് മുൻകൈ എടുത്ത പ്രവാസി സംഘടന നേതാവ് എൻ കെ കുഞ്ഞമ്മദിനെ കമ്മീഷൻ കേൾക്കണമെന്ന ആവശ്യം പി ജയരാജൻ മുന്നോട്ടുവെക്കും.

നേരത്തെ കണ്ണൂർ മൊറാഴയിലെ ‘വൈദേകം’ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച പരാതിയിൽ പാർട്ടിതല അന്വേഷണം നടത്താൻ സിപിഐഎം തീരുമാനിച്ചിരുന്നു. കെ എൻ ബാലഗോപാൽ, ടി പി രാമകൃഷ്ണൻ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബറിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു പി ജയരാജൻ ആദ്യമായി ഈ വിഷയം ഉന്നയിച്ചത്. ഇ പി ജയരാജനും കുടുംബവും അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് റിസോർട്ടിന്റെ ഭാഗമായതെന്നും, ഭാര്യ ഇന്ദിരയും മകൻ ജയ്‌സണും ഡയറക്ടർമാരാണെന്നുമായിരുന്നു പ്രധാന ആരോപണം.

എന്നാൽ 2023-ന് ശേഷം നടന്ന യോഗത്തിൽ ഇ പി ജയരാജൻ ഈ ആരോപണങ്ങൾ തള്ളിയിരുന്നു. ഭാര്യയുടെ വിരമിക്കൽ ആനുകൂല്യമായി ലഭിച്ച തുകയാണ് നിക്ഷേപിച്ചതെന്നും, വിവാദമുയർന്നതോടെ അവർ അതിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഈ റിസോർട്ട് ഏറ്റെടുക്കുകയും ചെയ്തു.

വർഷങ്ങൾ കഴിഞ്ഞിട്ടും വിഷയത്തിൽ പാർട്ടിതല നടപടികളൊന്നും ഉണ്ടാകാതിരുന്നതോടെ, 2025-ൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തെളിവുകൾ സഹിതം പി ജയരാജൻ വീണ്ടും അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് രണ്ടംഗ കമ്മീഷനെ നിയമിക്കാൻ പാർട്ടി നിർബന്ധിതമായത്. നിലവിൽ മാങ്കുളത്തെ റിസോർട്ടുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ ഇ പി ജയരാജൻ ഉന്നയിച്ച പരാതിയും ഇതേ കമ്മീഷൻ തന്നെയാണ് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button