സസ്പെൻഷൻ റദ്ദാക്കിയിട്ടും വിദ്യാർഥികളെ വിടാതെ കാലടി സർവകലാശാല; കോടതി വിധിക്കെതിരെ അപ്പീൽ

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ. സർവകലാശാലയാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് അപ്പീലിൽ സർവകലാശാല വാദിക്കുന്നത്.
വിദ്യാർത്ഥികൾക്ക് പരാതി പരിഹാരത്തിനായി ഓംബുഡ്സ്മാനെ സമീപിക്കാമായിരുന്നു. യുജിസി ചട്ടപ്രകാരമാണ് ഓംബുഡ്സ്മാനെ നിയമിച്ചിരിക്കുന്നത്. എന്നാൽ വിദ്യാർത്ഥികൾ നേരിട്ട് ഹൈക്കോടതിയെയാണ് സമീപിച്ചതെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. മാപ്പ് എഴുതി നൽകി തിരിച്ചുകയറാൻ പറയുന്നത് ശിക്ഷയല്ല.
ശിക്ഷ നടപ്പാക്കാതെ എന്തിന് ചാർജ് മെമ്മോ നൽകണമെന്നും അപ്പീലിൽ ചോദിക്കുന്നു.കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിന് പുറമെ ഇവർക്ക് പരീക്ഷ എഴുതാനുള്ള അനുമതിയും ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയിരുന്നു. വിസിയെ കയ്യേറ്റം ചെയ്തുവെന്ന പേരിൽ കഴിഞ്ഞ സെപ്തംബർ ഒൻപതിനാണ് 14 വിദ്യാർത്ഥികളെ അച്ചടക്ക നടപടിയുടെ ഭാഗമായി സർവകലാശാല സസ്പെൻഡ് ചെയ്തത്.
നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി സസ്പെൻഷൻ റദ്ദാക്കിയത്. സസ്പെൻഷനെ തുടർന്നുണ്ടായ അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടും റദ്ദാക്കിയിരുന്നു. പകരം പുതിയ അന്വേഷണം നടത്താൻ ഉത്തരവിട്ടു.സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്കായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തണമെന്ന് കോടതി നിർദേശിച്ചു. കോടതി വിധിയെത്തുടർന്ന് വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 22 ദിവസമാണ് വിദ്യാർത്ഥികൾ നിരാഹാരമിരുന്നത്.



