തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും ഹനുമാൻ കുരങ്ങിന്റെ ചാട്ടം; ഭക്ഷണം നൽകി തിരിച്ചെത്തിക്കാൻ ശ്രമം

തിരുവനന്തപുരം: മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽ നിന്ന് ചാടിപ്പോയി. മുമ്പ് ചാടിയ കുരങ്ങാണ് ഇന്നും പുറത്തുചാടിയത്. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്ത് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു കുരങ്ങ് കൂട്ടിൽനിന്ന് പുറത്തേക്ക് ചാടിയത്. തുടർന്ന് സമീപത്തെ വലിയ മരത്തിൽ കയറിയിരിക്കുകയായിരുന്നു. ഭക്ഷണം ഒരുക്കി കൂട്ടിൽ തിരിച്ചുകയറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ട് സൂ കീപ്പർമാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 2023ൽ തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. മുമ്പ് കൂട്ടിൽ നിന്ന് ചാടി നഗരത്തിലിറങ്ങിയ കുരങ്ങിനെ ഏറെ പണിപെട്ടാണ് തിരിച്ചെത്തിച്ചത്.



