‘നമ്മ വീട്ടിലെ കല്യാണം’; വിവാഹക്ഷണക്കത്തിനൊപ്പം സൺഗ്രൂപ്പ് ജീവനക്കാർക്ക് കാവ്യ മാരന്റെ വക വമ്പൻ സമ്മാനം!

സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും നവംബർ 11ന് ഗ്രീസിൽ വിവാഹിതരായിരുന്നു. നവംബർ 21നും 22നും ചെന്നൈയിൽ വിവാഹ സത്‌കാരവും നടന്നു. നവംബർ 25ന് സൺഗ്രൂപ്പ് ജീവനക്കാർക്കായും സത്‌കാരം ഒരുക്കിയിട്ടുണ്ട്.വിവാഹ റിസപ്‌ഷന്റെ ക്ഷണക്കത്തിനൊപ്പം സൺഗ്രൂപ്പ് ജീവനക്കാർക്ക് കാവ്യ മാരൻ നൽകിയ സമ്മാനങ്ങൾ ചർച്ചയാവുകയാണ്. ജീവനക്കാർ പങ്കുവച്ച വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ചോക്ളേറ്റ്, ഡയമണ്ട് പതിച്ച സ്വർണമോതിരം എന്നിവയാണ് ക്ഷണക്കത്തിനൊപ്പം കാവ്യ മാരൻ തന്റെ ജീവനക്കാർക്ക് സമ്മാനിച്ചത്. ‘നമ്മ വീട്ട് കല്യാണം’ എന്ന കുറിപ്പോടെ ഒരു ജീവനക്കാരി പങ്കുവച്ച വീഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒയ്ക്ക് പുറമെ സൺ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് കാവ്യ.അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ഗ്രീസിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഭാര്യ ലതയ്‌ക്കും മകൾ ഐശ്വര്യയ്‌ക്കുമൊപ്പം നടൻ രജനികാന്ത് വിവാഹത്തിൽ പങ്കെടുത്തു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഉൾപ്പെടെയുള്ള പ്രമുഖരും വിവാഹത്തിൽ സന്നിഹിതരായിരുന്നു.



