‘കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പ്’; മന്ത്രിസഭയിലെ അവിശ്വാസം സംസ്ഥാനത്തെ പിന്നോട്ടടിക്കുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കങ്ങളെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ എന്തിനാണ് പരാതിയുമായി പോകുന്നതെന്നും, ആ സൗന്ദര്യം ആസ്വദിച്ചു നിന്നാൽ പോരേയെന്നും അദ്ദേഹം ചോദിച്ചു. പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകാൻ സാധിക്കുമെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
കേരളം ഭരിക്കുന്നത് ഒരു ‘പവർ ഗ്രൂപ്പ്’ ആണെന്നും മന്ത്രിസഭയിലെ ഏറ്റുമുട്ടൽ മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസ് നിലവിൽ കെ.സി – വി.ഡി പക്ഷങ്ങളായി പിരിഞ്ഞിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനും എതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. സൈബർ ആക്രമണം മുഴുവൻ കെ.സി പക്ഷത്തിനെതിരെയാണ്. അധികാരത്തിലെത്തി ആറ് മാസം കൊണ്ട് തന്നെ സംസ്ഥാനത്ത് ഭരണസ്തംഭനമായി. പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭയിൽ ഉദ്യോഗസ്ഥർക്ക് വിശ്വാസം നഷ്ടപ്പെടും. മുഖ്യമന്ത്രി തന്നെ പരാതിയുമായി ഹൈക്കമാൻഡിലേക്ക് ഘോഷയാത്ര നടത്തുന്ന സാഹചര്യം കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നു എന്ന് ആരോപിച്ച് മെറ്റ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തുമ്പോൾ, കേരളത്തിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് എതിരാളികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ്-ബി.ജെ.പി ബന്ധം ഒരു മാപ്പ് കൊണ്ട് തീരാവുന്നതേയുള്ളൂവെന്നും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ അവർക്ക് പ്രയാസമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വൈദ്യുതി കരാർ ഇടപാടിൽ മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് അദ്ദേഹം ആരോപിച്ചു.
കൂടാതെ, സംഘപരിവാർ ശക്തികൾക്ക് മുഴുവൻ സ്കൂളുകളിലും കടന്നുകയറാൻ സൗകര്യമൊരുക്കുന്ന ഒന്നായിട്ടാണ് ‘മയിൽപീലി സ്കോളർഷിപ്പിനെ’ കാണേണ്ടതെന്നും, ആർ.എസ്.എസിന് കീഴടങ്ങിയ ശേഷമാണ് അത് പിൻവലിച്ചതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നത് അടഞ്ഞ അധ്യായമാണെന്ന് ആവർത്തിച്ച അദ്ദേഹം, വി. ശിവൻകുട്ടിയുടെ അഭിപ്രായം തള്ളുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അടഞ്ഞ അധ്യായം എന്ന് പറഞ്ഞതിൽ എല്ലാം ഉണ്ട്’ എന്നായിരുന്നു മറുപടി നൽകിയത്.



