‘അമ്മമാരിൽ നിന്ന് കേട്ടത് കരളലിയിക്കുന്ന കഥകൾ’; അട്ടപ്പാടിയിലെ ആരോഗ്യരംഗത്തെ തകർച്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാദൃശ്ചികമായാണെങ്കിലും യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന് ആറു മാസം തികയുമ്പോഴാണ് അട്ടപ്പാടി സന്ദർശിച്ചതെന്നും, അമ്മമാരിൽ നിന്ന് വളരെ വേദനാജനകമായ കഥകളാണ് കേൾക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ പലർക്കും വാക്കുകൾ പൂർത്തിയാക്കാനായില്ലെന്നും, ഇനിയൊരു കുഞ്ഞിന്റെയും ജീവൻ നഷ്ടപ്പെടാൻ ഇടയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മമാർക്കുണ്ടാകുന്ന ഗുരുതരമായ വിളർച്ച, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങൾ എന്നിവ ആശങ്കാജനകമാംവിധം വർധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ഉത്തരവാദിത്തമുള്ള അഗളി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം നിലവിൽ അവതാളത്തിലാണ്.
നേരത്തെ എല്ലാ ഊരുകളിലും എൻ.എച്ച്.എമ്മിന്റെ മൊബൈൽ യൂണിറ്റുകൾ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ അത് ലഭ്യമല്ല. അമ്മമാർ നേരിടുന്ന സിക്കിൾസെൽ അനീമിയ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ച ചികിത്സ നൽകാൻ ഉണ്ടായിരുന്ന ആരോഗ്യ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതായും അദ്ദേഹം ആരോപിച്ചു. അട്ടപ്പാടിയിൽ മാസം തികയാതെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അഗളി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



