പുതിയ മദ്യനയത്തിനൊരുങ്ങി യുഡിഎഫ്; ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല, മുഖം മിനുക്കാൻ തീരുമാനം!

തിരുവനന്തപുരം: പുതിയ മദ്യനയം സംബന്ധിച്ച തീരുമാനങ്ങൾക്കായി യു.ഡി.എഫ്. ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കോൺഗ്രസിൽ നിന്നും ഒരാളെ സമിതിയുടെ അധ്യക്ഷനാക്കാൻ കെ.പി.സി.സി. അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. ഉപസമിതിയിൽ ചർച്ച ചെയ്ത ശേഷമേ നയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരൂ. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുള്ള നയപരമായ നിലപാടും ഉപസമിതിയുടെ ചർച്ചകൾക്ക് ശേഷമേ തീരുമാനിക്കൂ.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടാതെ അവയുടെ മുഖം മാറ്റാനാണ് തീരുമാനം. ഔട്ട്ലെറ്റുകളുടെ രൂപഘടന ഏകീകരിക്കുകയും സെൽഫ് ഹെൽപ് കൗണ്ടറുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. ഉപഭോക്താക്കളുടെ സൗകര്യങ്ങൾക്കായിരിക്കും ഇതിൽ മുൻഗണന.
ആവശ്യമെങ്കിൽ ബെവ്കോ ഔട്ട്ലെറ്റുകളുടെയും വെയർഹൗസുകളുടെയും നടത്തിപ്പും ചില്ലറ വിൽപ്പനയും സഹകരണ സംഘങ്ങൾക്ക് നൽകുന്ന കാര്യം പരിഗണിക്കും. ഇതിൽ താൽപ്പര്യമുള്ള സഹകരണ സംഘങ്ങൾക്ക് മുൻഗണന ലഭിക്കും. കൂടാതെ, കള്ളുചെത്ത് മേഖലയിൽ സമഗ്രമായ പരിഷ്കരണങ്ങൾ കൊണ്ടുവരാനും എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് നയത്തിൽ ഉത്തരവാദിത്ത മദ്യപാനത്തിനാണ് ഊന്നൽ നൽകിയിട്ടുള്ളത്.



