ആറാം മാസത്തിൽ സർക്കാരിൽ അസ്വാരസ്യങ്ങൾ പുകയുന്നു; മുഖ്യമന്ത്രിക്കെതിരെ മന്ത്രിസഭയിൽ വിമർശനം, കൂട്ടായ ചർച്ചകളില്ലെന്ന് പരാതി!

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് വൻ തർക്കമുണ്ടായതായി റിപ്പോർട്ട്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ മന്ത്രി എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്.

മുന്നണിയിലോ മന്ത്രിസഭയിലോ വേണ്ടത്ര ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. പി.എസ്.സി നിയമനങ്ങളിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ചകൾ നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഇതിനിടെ വിഷയത്തിൽ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചു. ഇതോടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും കടുത്ത എതിർപ്പുമായി രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടുപോലും പല സുപ്രധാന കാര്യങ്ങളും താൻ അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില വിഷയങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം.

കൂടാതെ, ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഷിബു ബേബി ജോണും യോഗത്തിൽ വിമർശനമുന്നയിച്ചു. നിർണായക തീരുമാനങ്ങളിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതിയാണ് മന്ത്രിമാർ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയത്. സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ തന്നെ മന്ത്രിസഭയ്ക്കുള്ളിൽ ഇത്തരത്തിൽ അസാധാരണമായ വിമർശനങ്ങൾ ഉയർന്നത് ശ്രദ്ധേയമായി. വിശദമായ ചർച്ചകൾ നടന്നതോടെ മന്ത്രിസഭാ യോഗം രണ്ടര മണിക്കൂറോളം നീണ്ടുനിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button