ഡൽഹിയിൽ നടുക്കുന്ന കൊലപാതകം; വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തി, മുൻ സുഹൃത്ത് പിടിയിൽ

ഡൽഹിയിലെ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18 വയസ്സുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി സ്വദേശിനിയായ ശബ്‌നമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ സുഹൃത്തായ സൂരജിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മോതി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്‌സ്റ്റൈൽസ് സ്ഥാപനത്തിലാണ് വൈകുന്നേരം കൊലപാതകം നടന്നത്.

ഷിഫ്റ്റ് അവസാനിക്കാറായ സമയത്ത് ഷോറൂമിലെത്തിയ പ്രതി ശബ്‌നത്തെ ട്രയൽ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. രാത്രി ഒമ്പത് മണിയോടെ കട അടയ്ക്കുന്നതിന് മുന്നോടിയായി ജീവനക്കാർ ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം നഗരത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക പരിശോധനകളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ശബ്‌നവും സൂരജും കഴിഞ്ഞ ഏതാനും മാസങ്ങളായി അകൽച്ചയിലായിരുന്നുവെന്നാണ് വിവരം. വ്യക്തിപരമായ തർക്കങ്ങളോ ബന്ധത്തിലെ പ്രശ്‌നങ്ങളോ കൊലപാതകത്തിന് പിന്നിലുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button