സിപിഐയുമായി അകൽച്ച; ബിജെപിയിലേക്ക് ചെങ്ങറ സുരേന്ദ്രനെന്ന് സൂചന, ചർച്ചകൾ സജീവം?

തിരുവനന്തപുരം: സിപിഐ നേതൃത്വവുമായി അകൽച്ചയിൽ കഴിയുന്ന മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ഗുരുവായൂർ ദേവസ്വം അംഗമായിരിക്കെ സ്‌കൂളിൽ ജോലി വാഗ്ദാം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പാർട്ടി നടപടി നേരിട്ട നേതാവാണ് ചെങ്ങറ സുരേന്ദ്രൻ. ഈ സംഭവത്തോടെ അദ്ദേഹം പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ബിജെപി പ്രവേശനത്തിനായി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് വിവരം.

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ചെങ്ങറ സുരേന്ദ്രൻ. രണ്ട് തവണ ലോക്സഭ അംഗമായിരുന്നു. 1998ലും 2004ലും അടൂർ മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലേക്ക് എത്തിയത്. 2014ൽ മാവേലിക്കരയിൽ നിന്ന് മത്സരിച്ചെങ്കിലും കൊടിക്കുന്നിലിനോട് പരാജയപ്പെട്ടു. സിപിഐ എംഎൽഎമാരായിരുന്ന കെ അജിത്തും സിസി മുകുന്ദനും ബിജെപിയിലേക്ക് എത്തിയതിന്റെ ക്ഷീണത്തിലാണ് പാർട്ടി.

ചെങ്ങറ സുരേന്ദ്രനും കൂടി മാറിയാൽ സിപിഐക്ക് കനത്ത തിരിച്ചടിയാണ്.2025 മാർച്ചിൽ ചെങ്ങറ സുരേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ നടപടി പാർട്ടി ഇതുവരെ പിൻവലിച്ചിട്ടില്ല. ഗുരുവായൂർ ദേവസ്വം അംഗമായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന ആരോപണത്തിലായിരുന്നു നടപടി. സസ്‌പെൻഷൻ പിൻവലിക്കാതെ വന്നതോടെയാണ് സുരേന്ദ്രൻ പാർട്ടി വിടാൻ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയയിൽ ചെങ്ങറ സുരേന്ദ്രനെ അനുകൂലിക്കുന്നവർ പാർട്ടി മാറ്റത്തിന്റെ സൂചന നൽകി പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചെങ്ങറ സുരേന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button