അമിതാഭ് ബച്ചനെ ഡിസംബർ 31നകം വധിക്കുമെന്ന് ഭീഷണി; മുംബൈ വിമാനത്താവളവും മേയറുടെ ഓഫീസും ആക്രമിക്കുമെന്ന് ഇ-മെയിൽ

മുംബയ് : ബോളിവുഡിലെ മുതിർന്ന താരം അമിതാഭ് ബച്ചന് നേരെ വധഭീഷണിയുമായി ഖാലിസ്ഥാൻ നാഷണൽർആർമി എന്ന സംഘടന. ഡിസംബർ 31നകം ബച്ചനെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് വധിക്കുമെന്നാണ് ഇമെയിൽ വഴി അയച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. മുംബയ് വിമാനത്താവളം, മേയറുടെ ഓഫീസ് , പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ വിവിധ ഇടങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഭീഷണിയെ തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കി.
മുംബയിലെ ജൂഹുവിലുള്ള ബച്ചന്റെ ജൽസ എന്ന ബംഗ്ലാവ് ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ ലക്ഷ്യമിടുന്നതായി ഭീഷണി സന്ദേശത്തിൽ പറയുന്നു. ജൽസയ്ക്ക് നേരെ കാർ ബോംബ് ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന സമയവും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനത്തിന് സാദ്ധ്യതയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
നവംബർ 27ന് മുംബയിലെ മഹാലക്ഷ്മി സ്റ്റേഡിയത്തിൽ ആക്രമണം നടത്തുമെന്നും സന്ദേശത്തിലുണ്ട്. അവിടെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്നും ഉടമസ്ഥരില്ലാതെ കിടക്കുന്ന ഐഫോണുകൾ എടുക്കരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം ഇമെയിലിന്റെ ആധികാരികത അധികൃതർ പരിശോധിച്ച് വരികയാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മുംബയ് പൊലീസും സുരക്ഷാ ഏജൻസികളും പരിശോധന നടത്തി. ഒക്ടോബർ 23നും ബച്ചന് സമാനമായ ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു.



