മന്ത്രിമാർക്കും മുകളിൽ മുഖ്യമന്ത്രിയോ? ജിഎൻഎ കരാർ റദ്ദാക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; സണ്ണി ജോസഫിന്റെ വിമർശനം!

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് ഏതുവകുപ്പിലും ഇടപെടാമെന്നും വകുപ്പ് മന്ത്രിക്ക് മുകളിലാണ് മുഖ്യമന്ത്രിയെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ജി.എൻ.എ വൈദ്യുതി തത്കാലം വാങ്ങില്ലെന്ന് താൻ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തിന്റെയും കൂടിക്കാഴ്ച താൻ അറിഞ്ഞത് വാർത്തകളിൽ നിന്നാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി താൻ ദീർഘനേരം സംസാരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ തന്നെ വന്ന് കണ്ട് കാര്യങ്ങൾ അറിയിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. രാജമാണിക്യത്തിന്റെ റിപ്പോർട്ട് പരിശോധിക്കാനുള്ള നിർദ്ദേശത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ജി.എൻ.എ വൈദ്യുതി കരാർ നീക്കം സർക്കാർ ഉപേക്ഷിച്ചു. ജി.എൻ.എ വൈദ്യുതിക്ക് പകരം വിലകൂടിയ ഹിമാചൽ വൈദ്യുതി ഒക്ടോബറിന് ശേഷവും വാങ്ങണമെന്ന് രാജമാണിക്യം എന്തടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയതെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വൈദ്യുതി ക്ഷാമമുണ്ടെന്ന രാജമാണിക്യത്തിന്റെ റിപ്പോർട്ട് സർക്കാറിനെ സമ്മർദ്ദത്തിലാക്കിയതോടെയാണ് ജി.എൻ.എ കരാറിന് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജി.എൻ.എയിൽനിന്നോ ഹിമാചലിൽനിന്നോ വൈദ്യുതി വാങ്ങേണ്ട സാഹചര്യം നവംബർ, ഡിസംബർ മാസങ്ങളിൽ ഇല്ലെന്ന് ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാറും കെ.എസ്.ഇ.ബി പുതിയ സി.എം.ഡി എൻ.പ്രശാന്തും മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് വിശദീകരിച്ചതാണ് വഴിത്തിരിവായത്.പവർ എക്സ് ചേഞ്ചു വഴിയും മറ്റും ആവശ്യാനുസരണം വീണ്ടും വൈദ്യുതി ലഭ്യമാണെന്ന് ഇരുവരും ധരിപ്പിച്ചു. നിലവിലെ വൈദ്യുതി ഉപഭോഗം കട്ട് ഇല്ലാതെ നേരിടാൻ കഴിയുമെന്നും വിലകൂടിയ വൈദ്യുതി തൽക്കാലം വാങ്ങേണ്ടെന്നും അറിയിച്ചു.



