ശബരിമല തീർത്ഥാടകർക്ക് വൻ ആശ്വാസം! വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെ.എസ്.ആർ.ടി.സി എ.സി ബസ് സർവീസ്

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിമാനമാർഗ്ഗമെത്തുന്ന ഭക്തർക്കായി യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ.സി ബസ് സർവീസുകൾ ആരംഭിക്കും. കെ.എസ്.ആർ.ടി.സി അധികൃതരും എയർപോർട്ട് അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണാണ് ഈ പുതിയ സർവീസുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാത്രി 9:30-നാണ് പമ്പയിലേക്കുള്ള ബസ് പുറപ്പെടുക. തിരികെ വൈകിട്ട് 7:00 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് മടക്ക സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രാത്രി 8:30-ന് പമ്പയിലേക്കും, തിരികെ വൈകിട്ട് 7:00-ഓടെ എയർപോർട്ടിൽ തിരിച്ചെത്തുന്ന വിധത്തിലും ബസുകൾ സർവീസ് നടത്തും. വിമാനമാർഗ്ഗമെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും വിരിവെയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ ഇരു വിമാനത്താവളങ്ങളിലും ഒരുക്കും.
യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റുകൾ വഴിയും ഈ ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളിൽ കെ.എസ്.ആർ.ടി.സി ലിങ്ക് ലഭ്യമാക്കും. ഇതിനുപുറമെ സംഘമായി എത്തുന്ന ഭക്തർക്കായി ഗ്രൂപ്പ് ചാർട്ടേഡ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഇരു വിമാനത്താവളങ്ങളിലെയും ഫ്ലൈറ്റ് സമയവിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കാനും ധാരണയായിട്ടുണ്ട്.



