പാർലമെന്റ് വീണ്ടും സമ്മേളിക്കണം; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്ക് പിന്തുണയുമായി ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റ് അടിയന്തരമായി വീണ്ടും സമ്മേളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംവാദത്തിന് ക്ഷണിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച പരിഹാസങ്ങൾക്കും

സർക്കാരിന്റെ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ പ്രതിപക്ഷത്തിന് സാധിക്കുമെന്ന് തരൂർ വ്യക്തമാക്കി. വോട്ടുകൊള്ള ആരോപണത്തിൽ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കെതിരെയും പ്രക്രിയകളിലെ വീഴ്ചകൾക്കെതിരെയും കടുത്ത വിമർശനമാണ് ശശി തരൂർ ഉന്നയിച്ചത്. ഫോം ആറിൽനിന്ന് എസ്.ഐ.ആർ. ഡീ ലിങ്ക് ചെയ്യാനുള്ള തീരുമാനം വലിയ വീഴ്ചയാണെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ചട്ടവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കൂട്ടത്തോടെ ഫോം ഏഴ് പരാതികൾ അനുവദിച്ചത് മൂലം ഏകദേശം 11.3 കോടി ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തെറ്റായ തീരുമാനങ്ങൾ തിരുത്തുകയും അർഹരായ വോട്ടർമാരുടെ നഷ്ടം പരിഹരിക്കുകയും വേണമെന്നും തരൂർ കൂട്ടിച്ചേർത്തു.

വോട്ട് ചോർച്ച ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതികളും മുന്നിർത്തി ബി.ജെ.പി.യും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോര് അതിരൂക്ഷമായി തുടരുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി മാത്രമല്ല, അതിലൂടെ ഉണ്ടായ പ്രത്യാഘാതങ്ങൾ റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയിൽ തെരുവുകളിൽ സംസാരിക്കുന്നതിന് പകരം പാർലമെന്റിലെത്തി ചർച്ചകൾ നടത്തുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുറന്നടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button