ദയാവധത്തിൽ നിന്ന് ജീവിതത്തിലേക്ക്; കുട്ടിയാനയ്ക്ക് പ്രതീക്ഷയായി അനന്ത് അംബാനി, വിദഗ്ധ ചികിത്സയ്ക്കായി വൻതാരയിലേക്ക് മാറ്റും

തോളിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് കൊണ്ടുപോകുന്നു. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് കേന്ദ്രത്തിൽ എത്തുന്നത്. സംസ്ഥാനത്ത് ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി മുൻപ് ദയാവധം നിർദ്ദേശിച്ചിരുന്നെങ്കിലും, അനന്ത് അംബാനിയുടെ ഇടപെടലിലൂടെ കുട്ടിയാനയ്ക്ക് ജീവന്റെ പുതിയ പ്രതീക്ഷ ലഭിക്കുകയായിരുന്നു.
നിലവിൽ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥയിലുള്ള കുട്ടിയാനയെ ക്രെയിൻ ഉപയോഗിച്ചാണ് പ്രത്യേക ലോറിയിലേക്ക് മാറ്റുന്നത്. തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് പ്രത്യേക ചാർട്ടേഡ് വിമാനമാർഗം വൻതാരയിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. വൈകുന്നേരത്തോടെ വിമാനം ജാംനഗറിലെത്തും. വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം യാത്ര തിരിച്ചിട്ടുണ്ട്. വൻതാരയിലെ വിദഗ്ധ പരിചരണത്തിലൂടെ ആരോഗ്യനില മെച്ചപ്പെട്ടാൽ കുട്ടിയാനയെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.



