നയൻതാര വീണ്ടും അമ്മൻ വേഷത്തിൽ! ‘മൂക്കുത്തി അമ്മൻ 2’വിലെ ‘മഹാശക്തി ട്രാൻസ്’ ഗാനം പുറത്തിറങ്ങി; ആവേശത്തിൽ ആരാധകർ!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മൂക്കുത്തി അമ്മൻ 2 മഹാശക്തി’യിലെ ആദ്യ വീഡിയോ ഗാനം ‘മഹാശക്തി ട്രാൻസ്’ പുറത്തിറങ്ങി. നയൻതാര നായികയായെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്. ഹിപ്പ് ഹോപ്പ് തമിഴയുടെ രചനയിലും സംഗീത സംവിധാനത്തിലും ഒരുങ്ങിയ ഈ തരംഗ ഗാനം ആലപിച്ചിരിക്കുന്നത് അരുണാ രവീന്ദ്രൻ, ഹിപ്പ് ഹോപ്പ് തമിഴ, കൗഷിക് ക്രിഷ് എന്നിവർ ചേർന്നാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രം ദീപാവലി റിലീസായി നവംബർ 6-ന് തിയേറ്ററുകളിലെത്തും. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. യുഎ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പൂർണ്ണമായും കുടുംബ പ്രേക്ഷകർക്ക് തിയേറ്ററിൽ ആസ്വദിക്കാനാകുന്ന ഒരു ഡിവൈൻ മാസ് എന്റർടൈനറായാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
നയൻതാരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, സിംഗപുലി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാലമായ സെറ്റുകളും വൻകിട ദൃശ്യാവിഷ്കാരങ്ങളുമായി ഭക്തിയും നിഗൂഢതയും നിറഞ്ഞ യഥാർത്ഥ സുന്ദർ സി ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്.



