ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയാൽ ഇനി കാത്തിരിക്കേണ്ട! നടപടികൾ വേഗത്തിലാക്കാൻ പൊലീസിൽ പുതിയ സംവിധാനം

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ സംവിധാനം. ‘എച്ച് എം ആക്ട്സ്’ (HM Acts) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്‍റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും തുട‍ർ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും.

പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും വിവരം പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും. അടിയന്തര നടപടി വേണ്ട പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം രേഖപ്പെടുത്താനും കഴിയും.

ഹോംസ്’ (HOMeS) എന്ന പേരിൽ തത്സമയ കുറ്റകൃത്യ നിരീക്ഷണ ഡാഷ്ബോർഡും നിലവിൽ വന്നു. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് നേരിട്ടറിയാൻ കഴിയുന്നതാണ് സംവിധാനം. പ്രധാന സ്ഥിതിവിവര കണക്കുകൾ ഒരു സ്ക്രീനിൽ തെളിയും. പ്രധാന കേസുകൾ അലർട്ടായി വരും. എന്നാൽ അന്വേഷത്തിൽ ഇടപെടില്ലെന്നും രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാനും കേരള പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കം കുറിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐകോപ്സ് (iCoPS) ആണ് ഈ രണ്ട് സോഫ്റ്റ്‌വെയറുകളും രൂപകൽപന ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button