ഇറാനെതിരെ വീണ്ടും സൈനിക നീക്കവുമായി ട്രംപ്? ഖാർഗ് ദ്വീപിൽ അമേരിക്കയുടെ രഹസ്യാക്രമണമെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ: ഇറാനിലെ ഖ്വേഷം ദ്വീപിൽ അമേരിക്ക രഹസ്യ സൈനികാക്രമണം നടത്തിയതായി വിവരം. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക ആക്രമണം നടത്തിയത്. വാൾസ്‌ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ആക്രമണം വലിയ തോതിലുള്ള സൈനിക നീക്കങ്ങളുടെ പുനഃരാരംഭമല്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഇറാന്റെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനാണ് നടപടിയെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, ആക്രമണത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖ്വേഷം ദ്വീപിൽ തുടർച്ചയായി അഞ്ച് സ്‌ഫോടനങ്ങൾ കേട്ടതായും രണ്ട് വിമാനങ്ങൾ ആകാശത്ത് പറക്കുന്നത് കണ്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്‌തു.

ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവം. അതേസമയം, ഇറാനുമായി നയതന്ത്രപരമായി ധാരണയിലെത്താനുള്ള സാദ്ധ്യത ട്രംപ് തള്ളിയിട്ടില്ല.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഇറാനുമേൽ ചെറിയ രീതിയിലുള്ള ആക്രമണങ്ങൾ അമേരിക്ക നടത്തുന്നതായാണ് റിപ്പോർട്ട്. കൂടുതൽ സൈനിക നടപടികൾക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും വിന്യസിച്ചതായും സൂചനയുണ്ട്. ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന സംഘർഷം ആഗോള എണ്ണവിതരണശൃംഖലയെയും ആശങ്കപ്പെടുത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button