എസ്എംഎ മരുന്ന് വിവാദം: സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്; വീഴ്ചയും സുതാര്യതയില്ലായ്മയും ആരോപിച്ച് വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ’ ലേബലുള്ള മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കാരണം സർക്കാർ തലത്തിലെ വീഴ്ചയും സുതാര്യതയില്ലാത്ത നടപടികളുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഈ പ്രശ്നത്തിന്റെ ഗൗരവം സർക്കാർ ഉൾക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും ആശങ്കകൾ പരിഹരിക്കാൻ മുന്നോട്ടുവരികയോ ചെയ്തില്ല. മാധ്യമങ്ങളിൽ വാർത്തകൾ വന്നപ്പോൾ മാത്രമാണ് ചെറിയൊരു പ്രതികരണമെങ്കിലും ഉണ്ടായത്.

എസ്.എം.എ ബാധിതരുടെ സംഘടനയായ ‘ക്യൂർ എസ്.എം.എ’ ആണ് മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക ആദ്യം ഉന്നയിച്ചത്. തുടർന്ന് മാധ്യമങ്ങളിലും ഈ വാർത്ത വരികയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ 12-ന് ആരോഗ്യ മന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും, രണ്ടാഴ്ച കഴിഞ്ഞിട്ടും വസ്തുതകൾ നിരത്തി മറുപടി നൽകാനുള്ള ജനാധിപത്യ മര്യാദപോലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിവാദം ഉയർന്നപ്പോൾ തനിക്ക് ഇതൊന്നും അറിയില്ലെന്നും എസ്.എ.ടി.യിലെ ഡോക്ടറോട് ചോദിക്കണമെന്നുപറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എന്നാൽ, മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രീതിയിൽ നാറ്റ്കോ കമ്പനിയുടെ ഉദ്യോഗസ്ഥർ മന്ത്രിയെ ഓഫീസിൽ കണ്ടതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മറുപടി നൽകാതെ ഇത് ജനറിക് മരുന്നുകൾക്കെതിരായ നീക്കമാണെന്ന് വരുത്തിതീർക്കാനാണ് മന്ത്രി ശ്രമിച്ചത്.

കൂടിയ വിലയ്ക്ക് മരുന്ന് വിൽക്കുന്ന സ്വിസ് കമ്പനിക്ക് വേണ്ടിയാണോ ഈ വിവാദങ്ങൾ ഉയർത്തുന്നത് എന്നുപോലും പറയുന്ന സ്ഥിതിയുണ്ടായി. വൻകിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാൻ ജനറിക് മരുന്നുകൾ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പേറ്റന്റ് വിഷയത്തിലും ജനറിക് മരുന്നുകളുടെ കാര്യത്തിലും വ്യക്തമായ പ്രഖ്യാപിത നിലപാടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button