കാൻസര്‍ ചികിത്സയ്ക്കായി കരുതിവെച്ച പണം യാത്രക്കിടെ നഷ്ടമായി; കൊല്ലത്തെ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളം നല്‍കി മാതൃകയായ പൊലീസ് ഉദ്യോഗസ്ഥന് നാടിന്റെ കയ്യടി

തിരുവനന്തപുരം ആർസിസി യില്‍ ചികിത്സയ്ക്കായി സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് കൊല്ലം പരവൂർ സ്വദേശിയായ വീട്ടമ്മയുടെ കയ്യില്‍ കരുതിയിരുന്ന 48,000 രൂപയും വസ്ത്രങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. അന്വേഷണത്തിനൊടുവില്‍ ബാഗ് തിരികെ ലഭിച്ചെങ്കിലും ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി. തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിലെത്തി എ എസ് ഐ എ അർഷാദിനെ നേരില്‍ക്കണ്ട് വീട്ടമ്മയും സഹോദരനും സങ്കടമറിയിച്ചു. ഇവരുടെ ജീവിത ദുരിതം കേട്ട പൊലീസുകാർ ഉടൻ തന്നെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.

കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ എ എസ് ഐ എ അർഷാദ് ഇടപെട്ട് സഹപ്രവർത്തകരായ പൊലീസുകാരുമായി ചേർന്ന് മൂന്ന് ദിവസം കൊണ്ട് സ്വന്തം കൈയില്‍ നിന്ന് 41000 രൂപ സമാഹരിച്ചു. പൊലീസുകാർ ഇവരുടെ പരവൂരിലെ വീട്ടില്‍ നേരിട്ടെത്തി തുക കൈമാറുകയായിരുന്നു. എ എസ് ഐ എ അർഷാദിന്‍റെയും കല്ലമ്പലം പൊലീസിന്‍റെയും നല്ല മനസ്സിന് അഭിനന്ദനങ്ങള്‍ പ്രവാഹമാണ് സ്റ്റേഷനിലേക്ക് എത്തുന്നത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button