ശബരിമലയിൽ നെയ്യ് തട്ടിപ്പ്! മിൽമ നെയ്യ് മറിച്ചുവിറ്റു; കരാറുകാരൻ എസ്.എസ്. ബിനു അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവിനെ അറസ്റ്റ് ചെയ്തു. കേസിൽ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് നടപടി സ്വീകരിച്ചത്.
ശബരിമല സന്നിധാനത്തേക്ക് മിൽമ നെയ്യ് എത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരുന്നത് എസ്.എസ്. ബിനുവായിരുന്നു. മിൽമയുടെ യഥാർഥ നെയ്യിന് പകരം വില കുറഞ്ഞ വ്യാജ നെയ്യ് സന്നിധാനത്ത് എത്തിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മിൽമയുടെ നെയ്യ് മറിച്ചുവിറ്റതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
തമിഴ്‌നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ രണ്ട് ഏജൻസികൾക്കാണ് മിൽമയുടെ നെയ്യ് മറിച്ചുവിറ്റതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



