മാസപ്പടി കേസിൽ പിണറായിക്ക് വീണ്ടും കാത്തിരിപ്പ്! അപ്പീൽ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കില്ല. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ജസ്റ്റിസ് സതീഷ് നൈനാൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. അപ്പീൽ നേരത്തെ പരിഗണിച്ച ജസ്റ്റിസ് കെ നടരാജന്റെ ബെഞ്ചുതന്നെ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ പരിഗണിച്ച ബെഞ്ചുതന്നെ വീണ്ടും പരിഗണിക്കട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
അപ്പീൽ അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അപ്പീൽ കേൾക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി. തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും സാക്ഷി മൊഴികൾ പിന്നീട് പിൻവലിച്ചവയാണെന്നുമാണ് അപ്പീലിലെ വാദം.വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തേ ഹൈക്കോടതി തള്ളിയതും ഇത് സുപ്രീം കോടതി ശരിവച്ചതും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, കോഴിക്കോട് സ്വദേശികളായ പി. നിഖിൽ, കെ. വാരിസ്, ഷൈജൽ, എം. നന്ദുലാൽ എന്നിവരാണ് അപ്പീൽ നൽകിയത്.



