സ്കിൽഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഒക്ടോബർ 25ന്

ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംഘടനയായ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സ്കിൽഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഒക്ടോബർ 25 ഞായറാഴ്ച തമ്പാനൂർ കെ.എസ്.ആർ.ടി.സി ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ലോഗോ പ്രകാശനച്ചടങ്ങ് രാജാജി നഗറിൽ നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ബി. സത്യൻ തൊഴിലാളി പ്രവർത്തകയും എഴുത്തുകാരിയുമായ ധനുജകുമാരിക്ക് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
യൂണിയൻ ഭാരവാഹികളായ വിജയകുമാർ, അജിത് പ്രസാദ്, വി.എസ്. മാത്യു, സജു, ഗോപകുമാർ, സൂരജ്, ജോൺ ചെറിയാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ അണിനിരത്തി സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനത്തിൽ തൊഴിലാളികളുടെ വിവിധ വിഷയങ്ങൾ ചർച്ചയാകും.



