‘എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം!’ തുറന്നടിച്ച് കെ. സുധാകരൻ; അധികാരത്തേക്കാൾ വലുത് ആദർശമെന്ന് പ്രഖ്യാപനം

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ വീണ്ടും ചർച്ചയായി കെ. സുധാകരന്റെ തുറന്നുപറച്ചിൽ. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയത് വേദനിപ്പിച്ചെന്നും പാർട്ടിക്കുവേണ്ടി രക്തവും വിയർപ്പും നൽകിയ പ്രവർത്തകരെ അവഗണിക്കുന്ന നടപടി കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ധൈര്യമുള്ളവരെയാണ് പാർട്ടിക്ക് ആവശ്യമെന്നും അധികാരത്തേക്കാൾ വലുത് ആദർശമാണെന്നും സുധാകരൻ പറഞ്ഞു.

തകർച്ചയിലായിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചിട്ടും, യാതൊരു ന്യായവുമില്ലാതെ തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ഒരുകൂട്ടം ആളുകൾ നീക്കം നടത്തിയെന്നറിഞ്ഞപ്പോൾ ദുഃഖമുണ്ടായെന്ന് സുധാകരൻ പറഞ്ഞു. ഭരണം വരികയും പോകുകയും അധികാരം മാറിമറിയുകയും ചെയ്യും.

എന്നാൽ അധികാരത്തിനുവേണ്ടി പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അടിയറവയ്ക്കരുതെന്നും പാർട്ടിക്കുവേണ്ടി പ്രതിസന്ധികളിൽ കൂടെനിന്നവരുടെ ത്യാഗങ്ങളെ വിലകുറച്ച് കാണുന്ന നടപടികൾ ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഭരണപക്ഷത്തും ആർജവമുണ്ടാകണമെന്നും വിമർശനങ്ങളെ ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുധാകരന്റെ സെക്രട്ടറിയായ സനീഷിന്റെ സാമൂഹികമാധ്യമ ചാനലിലൂടെയാണ് പ്രതികരണം പുറത്തുവന്നത്. വീഡിയോ പ്രചരിച്ച് ചർച്ചകൾക്ക് തുടക്കമായതോടെ പിന്നീട് പിൻവലിക്കപ്പെട്ടു. കോൺഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ച ചരിത്രം ഓർമിപ്പിച്ച സുധാകരൻ, തെറ്റുകളെ ന്യായീകരിക്കുന്ന രീതി പാർട്ടിയിൽ ഉണ്ടാകരുതെന്നും വ്യക്തമാക്കി. സ്തുതിപാഠകരെയല്ല, തെറ്റുകൾ തുറന്നുപറയാൻ ധൈര്യമുള്ളവരെയാണ് പ്രസ്ഥാനത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ വിവാദപരമായ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു. അടൂർ പ്രകാശ്, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുടെ പരസ്യപ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാൽ ഈ മുന്നറിയിപ്പിന് പിന്നാലെ രണ്ട് ദിവസം തികയുംമുമ്പേ സുധാകരന്റെ പുതിയ പ്രതികരണം പുറത്തുവന്നത് പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button