ആരാണ് പിണറായിയെ രക്ഷിച്ച അഡ്വ സിദ്ധാര്‍ത്ഥ് ലൂത്ര?

ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ ഒട്ടനവധി നിര്‍ണ്ണായക പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഡല്‍ഹിയിലെ പ്രമുഖ നിയമ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, ഗണിതശാസ്ത്ര പഠനത്തിന് ശേഷം നിയമലോകത്തേക്ക് കടന്നുവന്ന ലൂത്രയുടെ കരിയര്‍ ഏതൊരു നിയമ വിദ്യാര്‍ത്ഥിക്കും അത്ഭുതവും പ്രചോദനവുമാണ്.

നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി തിളങ്ങിയ അദ്ദേഹം, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ ആഗോള ഭീമന്മാരുടെ വരെ വിശ്വസ്തനായ കൗണ്‍സലായി മാറിയത് കഠിനാധ്വാനത്തിന്റെയും നിയമപരമായ അഗാധ പാണ്ഡിത്യത്തിന്റെയും മാത്രം കരുത്തിലാണ്. മന്മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി (എ.എസ്.ജി) സേവനമനുഷ്ഠിച്ചിട്ടുള്ള ലൂത്ര, വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തങ്ങളുടെ സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങളില്‍ അവസാന ആശ്രയമായി കാണുന്നതും ഈ പ്രതിഭയെയാണ്. ക്യാബിനകത്തും ഊണ്‍മേശയിലും ഉറക്കമൊഴിഞ്ഞും കേസിന്റെ ഇഞ്ചോടിഞ്ചായ വിശദാംശങ്ങള്‍ പഠിച്ചെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. കേവലം വാചകക്കസര്‍ത്തുകള്‍ക്കപ്പുറം ആഴത്തിലുള്ള ഗവേഷണത്തിലൂടെ വിഷയങ്ങളെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. രാഷ്ട്രീയ ഭേദമന്യേ ഭരണാധികാരികളും ഉന്നതരും പ്രതിസന്ധിയിലാകുമ്പോള്‍ ലൂത്രയുടെ നിയമോപദേശവും കോടതിയിലെ സാന്നിധ്യവും അനിവാര്യമായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അത്തരത്തിലുള്ള ഒരു നിയമപോരാട്ടത്തിലാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച എക്‌സാലോജിക്-സി.എം.ആര്‍.എല്‍ മാസാപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സുപ്രീം കോടതിയില്‍ നിന്ന് അപ്രതീക്ഷിതവും നിര്‍ണ്ണായകവുമായ താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ലൂത്ര കേസില്‍ ഹാജരായതോടെയാണ് പിണറായി വിജയനും കുടുംബത്തിനും കടുത്ത നിയമക്കുരുക്കുകളില്‍ നിന്ന് ആദ്യഘട്ടത്തില്‍ തന്നെ മോചനം സാധ്യമായത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും അതിനുമുമ്പ് സിംഗിള്‍ ബെഞ്ചിലും നടന്ന നിയമപോരാട്ടങ്ങളുടെ വ്യാപ്തിയും സാങ്കേതികത്വവും കൃത്യമായി ചൂണ്ടിക്കാണിച്ചാണ് ലൂത്ര സുപ്രീം കോടതിയില്‍ വാദിച്ചത്. ഹൈക്കോടതിയില്‍ വിചാരണ റൊസ്റ്റര്‍ പോലുമില്ലാത്ത സിംഗിള്‍ ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ സ്വഭാവമുള്ള ഈ കേസ് പരിഗണിച്ച് നേരിട്ട് എഫ്.ഐ.ആര്‍ ഇടാന്‍ ഉത്തരവിട്ടതെന്ന് ലൂത്ര ശക്തമായി വാദിച്ചു. ഇത്രയും വിചിത്രമായ നടപടിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ക്ക് ലീവ് ടു അപ്പീല്‍ പോലും നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലൂത്രയുടെ ഈ സമാനതകളില്ലാത്ത വാദമുഖങ്ങളെ സുപ്രീം കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അര്‍ഹതയില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കര്‍ശന നിലപാട് പരമോന്നത കോടതി കര്‍ശനമായി തള്ളിക്കളഞ്ഞു. തുടര്‍ന്ന്, വിജിലന്‍സ് അന്വേഷണ നടപടികള്‍ അടുത്ത ഏഴു ദിവസത്തേക്ക് പൂര്‍ണ്ണമായി സ്റ്റേ ചെയ്യാനും ഉത്തരവിടുകയുണ്ടായി. ഡിവിഷന്‍ ബെഞ്ചിന്റെ ഇത്തരം വിചിത്രമായ സമീപനങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടത്തില്‍ ലൂത്രയുടെ ഇടപെടല്‍ രാഷ്ട്രീയ കേരളത്തെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച ഉത്തരവില്‍ ഹര്‍ജിക്കാരുടെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെന്നും അതിനാല്‍ അവര്‍ ബാധിക്കപ്പെട്ട കക്ഷികളല്ലെന്നുമുള്ള ഡിവിഷന്‍ ബെഞ്ചിന്റെ യുക്തിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയ ഔദ്യോഗിക രേഖകളില്‍ ഇവരുടെ പേരുകള്‍ വ്യക്തമായി ഉന്നയിക്കുമ്പോള്‍, ഈ കേസില്‍ ഇവര്‍ എങ്ങനെ ബാധിക്കപ്പെടാത്തവരാകും എന്ന് കോടതി കര്‍ശനമായി ചോദിച്ചു.

നവീകരിച്ച ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്) പ്രകാരമുള്ള പൗരന്മാരുടെ അവകാശങ്ങളെയും സുപ്രീം കോടതി എടുത്തുപറഞ്ഞു. പഴയ നിയമപ്രകാരം കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ എതിര്‍കക്ഷിയുടെ ഭാഗം കേള്‍ക്കേണ്ടതില്ലായിരുന്നുവെങ്കില്‍, പുതിയ ബി.എന്‍.എസ്.എസ് നിയമപ്രകാരം കുറ്റാരോപിതന് പ്രാഥമികമായി തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആരോപണവിധേയരുടെ ഈ നിയമപരമായ അവകാശങ്ങളെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹനിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ ഇ.ഡി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച ഉത്തരവില്‍ തങ്ങള്‍ ‘ബാധിക്കപ്പെട്ട കക്ഷികള്‍’ ആണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. അപ്പീല്‍ സമര്‍പ്പിക്കാനും ഹൈക്കോടതിയില്‍ അതില്‍ വാദം പൂര്‍ത്തിയാക്കാനും ആവശ്യമായ സമയം അനുവദിക്കുന്നതിനാണ് എഫ്.ഐ.ആറിലെ അന്വേഷണം അടുത്ത ഏഴു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ കെ.എം. ഷാജഹാന്റെ അഭിഭാഷകനെയും സുപ്രീം കോടതി ബെഞ്ച് വിചാരണ വേളയില്‍ ചോദ്യം ചെയ്യുകയുണ്ടായി. ഇ.ഡി വാര്‍ത്ത പുറത്തുവിട്ട ഉടന്‍ തന്നെ പ്രതി ചേര്‍ക്കപ്പെടേണ്ട പ്രമുഖരെ കക്ഷികളാക്കാതെ എന്തിനാണ് ഇത്ര ധൃതിപിടിച്ച് ഹൈക്കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് വി. മോഹന ആരായുകയുണ്ടായി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രമല്ല, അന്വേഷണം ഉടന്‍ ആരംഭിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചതിലെ സാങ്കേതിക പ്രശ്‌നങ്ങളും കോടതി പരിശോധിച്ചു.

അതേസമയം, കേസിലെ വസ്തുതകളെക്കുറിച്ചോ കുറ്റാരോപണങ്ങളുടെ യഥാര്‍ത്ഥ സത്യവസ്ഥയെക്കുറിച്ചോ തങ്ങള്‍ യാതൊരുവിധ നിരീക്ഷണങ്ങളും നടത്തുന്നില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ വളരെ വ്യക്തമായി എടുത്തുപറഞ്ഞിട്ടുണ്ട്. അപ്പീല്‍ ഹര്‍ജി സ്വീകരിക്കാനും അത് ഹൈക്കോടതിയില്‍ കേള്‍ക്കാനുമുള്ള അവകാശം (ഘീരൗ െടമേിറശ) മാത്രമാണ് ഇപ്പോള്‍ ഹര്‍ജിക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ ഇനി കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് വീണ്ടും പരിഗണിക്കേണ്ടത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സി.എം.ആര്‍.എല്‍ കമ്പനി, വീണാ തൈക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് യാതൊരു സേവനവും നല്‍കാതെ 1.72 കോടി രൂപ മാസാപ്പടിയായി നല്‍കിയെന്നാണ് കേസ്. ഈ സംഭവത്തില്‍ ഇ.ഡി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് എഫ്.ഐ.ആറിന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിലൂടെ താല്‍ക്കാലികമായി സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നത്.

സുപ്രീം കോടതിയുടെ ഈ അടിയന്തര ഇടപെടല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് നേതൃത്വത്തിനും വലിയ രാഷ്ട്രീയ ആശ്വാസമാണ് സമ്മാനിച്ചിരിക്കുന്നത്. സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും നിയമപരമായ പാളിച്ചകളും പോരായ്മകളും പരമോന്നത കോടതിയില്‍ തുറന്നുകാട്ടാന്‍ പ്രമുഖ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയ്ക്കായി എന്നത് ഇടതുപക്ഷ കേന്ദ്രങ്ങള്‍ വലിയ വിജയമായാണ് വിലയിരുത്തുന്നത്.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒരുപോലെ മാതൃകയായ സിദ്ധാര്‍ത്ഥ് ലൂത്ര, തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് താങ്ങായി നില്‍ക്കണമെന്ന പിതാവ് കെ.കെ. ലൂത്രയുടെ വാക്കുകളെ മുറുകെപ്പിടിക്കുന്ന വ്യക്തിയാണ്. അന്താരാഷ്ട്ര പ്രശസ്തി നേടിയ കനത്ത പോരാട്ടങ്ങളില്‍ വിജയം വരിച്ചപ്പോഴും ലൂത്രയുടെ ആ വിനയവും ശാന്തതയും കൈവിട്ടുപോയിട്ടില്ല. വായനയും സംഗീതവും പ്രകൃതി സ്‌നേഹവും മുഖമുദ്രയാക്കിയ ഈ നിയമജ്ഞന്‍, രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ഒരു അടയാളപ്പെടുത്തലാണ്.

വരുന്ന ഏഴു ദിവസത്തിനുള്ളില്‍ മുന്‍ മുഖ്യമന്ത്രിയും കുടുംബവും പുതിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിക്കും. ഇടക്കാല ആശ്വാസമായി ഈ സ്റ്റേ തുടരണമോ അതോ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിന് അനുമതി നല്‍കണമോ എന്ന് ഇനി ഡിവിഷന്‍ ബെഞ്ചാണ് ഔദ്യോഗികമായി തീരുമാനിക്കേണ്ടത്. വരുംദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നടക്കാനിരിക്കുന്ന വീറും വാശിയുമേറിയ നിയമപോരാട്ടങ്ങളിലേക്ക് തന്നെയാണ് നിലവില്‍ കേരള രാഷ്ട്രീയത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button