‘എൻഎസ്എസിനെ തകർക്കാൻ മാഫിയ നീക്കം!’ രാഷ്ട്രീയ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

ചങ്ങനാശേരി: എൻഎസ്എസിനെതിരെ സംഘടിതമായ ആക്രമണവും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങളും നടക്കുന്നതായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇതിനു പിന്നിൽ സാമ്പത്തിക ശക്തിയുള്ള ഏതെങ്കിലും മാഫിയയുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 113-ാമത് വിജയദശമി നായർ മഹാസമ്മേളനത്തിലും ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നവതി ആഘോഷ ഉദ്ഘാടനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാക്ക സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടെന്ന നിലപാടാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നതെന്ന് സുകുമാരൻ നായർ വിമർശിച്ചു. മറ്റുള്ളവർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുമ്പോൾ മുന്നാക്ക സമുദായങ്ങളെ അവഗണിക്കുകയാണെന്നും രാഷ്ട്രീയത്തിലുള്ള സമുദായാംഗങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്റെ പ്രവർത്തനങ്ങളെ വിലകുറച്ചുകാണിക്കാൻ നിയമപോരാട്ടങ്ങൾ നടത്തുകയും സംഘടന കോടതികളെ സ്വാധീനിച്ചെന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയുടെ സ്ഥാപനങ്ങൾ നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിലൂടെ എൻഎസ്എസിനെ തകർക്കാനാണ് ശ്രമമെന്നും ഇത്രയും സംഘടിതമായ നീക്കങ്ങൾക്ക് പണം എവിടെനിന്ന് ലഭിക്കുന്നുവെന്നത് അന്വേഷിക്കേണ്ടതാണെന്നും സുകുമാരൻ നായർ പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയനിൽ 17 അംഗ കമ്മിറ്റിയിലെ പ്രസിഡന്റിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് 12 പേർ രാജിവച്ചതിനെത്തുടർന്നാണ് പുതിയ കമ്മിറ്റി അധികാരത്തിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
തനിക്ക് വിദ്യാഭ്യാസമില്ലെന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സംഘടനാ സ്ഥാനത്തേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നും സേവനം ചെയ്യാനാണ് താൻ എത്തിയതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എൻഎസ്എസിനെതിരായ പ്രചാരണങ്ങൾക്കും വിമർശനങ്ങൾക്കും പിന്നിലെ യാഥാർഥ്യം വൈകാതെ പുറത്തുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.



