ശബരിമല മുന്നൊരുക്കങ്ങളിൽ വൻ വീഴ്ചയെന്ന് ഭരണാനുകൂല സംഘടന! മുഖ്യമന്ത്രിക്ക് പരാതി നൽകി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് മുന്നോടിയായി ശബരിമലയിലെ ഒരുക്കങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും പരാതി നൽകി. ബോർഡിന്റെ പല തീരുമാനങ്ങളും ‘വിത്തെടുത്ത് കുത്തുന്നതിന്’ തുല്യമാണെന്നും വരുമാന സ്രോതസ്സുകൾ അടച്ചുകളയുന്ന ഇത്തരം നടപടികൾ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യൂണിയൻ വ്യക്തമാക്കുന്നു.
കരാറുകാർ സാധനങ്ങൾ പമ്പയിൽ എത്തിച്ചാൽ മതിയെന്നും, അവിടെനിന്ന് ബോർഡ് സ്വന്തം ചെലവിൽ സന്നിധാനത്ത് എത്തിക്കുമെന്നുമുള്ള പുതിയ തീരുമാനം അരവണ നിർമ്മാണത്തിനുള്ള ശർക്കര അടക്കമുള്ള സാധനങ്ങളുടെ സംഭരണത്തെ ബാധിക്കും. ട്രാക്ടറുകളുടെ ലഭ്യതക്കുറവും അധികച്ചെലവും വലിയ സാമ്പത്തിക-തൊഴിൽ പ്രതിസന്ധിക്ക് കാരണമാകും. 2025-ലെ ലേലത്തിൽ ഉൾപ്പെട്ടിരുന്ന 28-ഓളം ഇനങ്ങൾ നിസ്സാര കാരണങ്ങളാൽ ഒഴിവാക്കിയത് വഴി ബോർഡിന് 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകും. കോടിക്കണക്കിന് രൂപ വരുമാനം നൽകിയിരുന്ന ശൗചാലയങ്ങൾ സൗജന്യമാക്കിയ ശേഷം, ആ നഷ്ടം നികത്താൻ വെർച്വൽ ക്യൂവിന് 10 രൂപ ഫീസ് ഏർപ്പെടുത്താനുള്ള നീക്കം തീർത്ഥാടകർക്ക് അധിക ബാധ്യത വരുത്തിവെക്കും.
ആറു വർഷത്തെ സർവീസ് ബാക്കിയുള്ള ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വിരമിക്കലിന് അപേക്ഷ നൽകിയതും പിന്നീട് അത് പിൻവലിച്ചതും സംശയസ്പദമാണ്. മുന്നൊരുക്കങ്ങളിലെ അപകതകൾ മുൻകൂട്ടി കണ്ടുകൊണ്ടാണോ ഈ നീക്കമെന്ന് അന്വേഷിക്കണം. ജീവനക്കാർക്ക് 66 ദിവസം തുടർച്ചയായി ജോലി നൽകുന്നതിന് പകരം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണം. ജീവനക്കാരുടെ മെസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഭണ്ഡാരം ജീവനക്കാരുടെ പരിശോധനയ്ക്ക് ആധുനിക സ്കാനറുകൾ സ്ഥാപിക്കുകയും വേണം. പ്രധാന ഡ്യൂട്ടി കേന്ദ്രങ്ങളിലെ നിയമനങ്ങളിലെ രാഷ്ട്രീയ സ്വാധീനം അന്വേഷിക്കണമെന്നും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്ത് അടിയന്തര പരിഹാരം കാണണമെന്നും ടി.ഡി.ഇ.എഫ് ആവശ്യപ്പെട്ടു.



