മിനികൂപ്പർ അപകടം: പ്രതികളും മരിച്ചവരുംഅവിടെയെത്തിയതെങ്ങനെ? കോടതിയിൽ വാദം; ജാമ്യവിധി നാളെ

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായെങ്കിലും വിധിയുണ്ടായില്ല. നാളെയാകും ഉത്തരവെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്.മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതു കൊണ്ട് അപകടം വിളിച്ചുവരുത്തിയെന്ന് പ്രതിഭാഗം വാദിച്ചു. അതുകൊണ്ടാണോ അവരെ ഇടിച്ചിട്ടതെന്ന് കോടതി ചോദിച്ചു. നിയമലംഘനം എന്നായിരുന്നു പ്രതിഭാഗം ഉതിന് മറുപടി നൽകിയത്. അവർ മരിച്ചുപോയില്ലേ, അവർക്കെതിരെ എന്ത് നടപടി എന്നായിരുന്നു കോടതിയുടെ മറുപടി.
വാഹനാപകടം നടന്ന ശേഷമുള്ള ആദ്യമൊഴി, തൊട്ടുപുറകെ വാഹനത്തിൽ വന്ന പ്രിയാദ് എന്നയാളുടേതാണ്. അപകടശേഷമാണ് ഇയാൾ എത്തിയത്. ഇയാൾ ദൃക്സാക്ഷി അല്ല. അതുകൊണ്ട് പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും. പ്രിയാദ് മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ, ഇതിൽ സംശയമുണ്ട് എന്നും പ്രതിഭാഗത്തിനായി ഹാജരായ അഡ്വ. സെബി കിടങ്ങൂർ ചോദിച്ചു.പ്രതികളും മരിച്ചവരും സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്ന് പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല.
അപകടം നടന്നതായി ദൃക്സാക്ഷി മൊഴി പോലും ഇല്ല. എന്താണ് കേസിന്റെ പിന്നിൽ എന്ന് ആർക്കും അറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രതികൾക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രിയാദിന്റെ മൊഴിയിൽ സംശയമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ കൂട്ടിച്ചേർത്തു.അപകടത്തിന് ശേഷം പ്രതി ‘ കേസ് തന്റെ വാപ്പ നോക്കിക്കോളും ” എന്ന് പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി മുൻപ് ഏതെങ്കിലും കേസുകൾ പ്രതിയുടെ പിതാവ് ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം എന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.



