അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസ്; ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചു പിടിയിൽ!

കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ മകൾ അശ്വതി അച്ചു (37) പിടിയിൽ. കൊല്ലം ആയൂർ സ്വദേശിയാണ്. കേസിലെ രണ്ടാം പ്രതിയായ അശ്വതിയെ തിരുവനന്തപുരത്തെ ഫ്ളാറ്റിൽ നിന്നാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും അശ്വതിയുടെ മകളുമായ അമൃതയെ (18) പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞ സെപ്തംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ അശ്വതി ഒളിവിൽ പോവുകയായിരുന്നു.
സംഭവദിവസം രാത്രിയോടെ അശ്വതി ഭർത്താവിന്റെ വീട്ടിൽ മകളെ കൊണ്ടുചെന്നാക്കിയിരുന്നു. അവിടെനിന്നാണ് അമൃത പിടിയിലായത്. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് അമൃത പൊലീസിന് മൊഴി നൽകിയിരുന്നു.ഉന്നത പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും കുടുങ്ങിയ ഹണിട്രാപ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി. മറ്റു പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചും പല പേരുകളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ചും തട്ടിപ്പ് നടത്തിയതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.



