‘രാഹുൽ ഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയം!’ പിണറായിയുടെ രക്ഷകനായി വി.ഡി. സതീശൻ? രാജീവ് ചന്ദ്രശേഖറിന്റെ കടന്നാക്രമണം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഇത്രയും ദിവസം കൊണ്ട് വി.ഡി. സതീശനും സർക്കാരും കേരളത്തിൽ എന്ത് ചെയ്തുവെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
എസ്.ഐ.ആർ വിഷയത്തിൽ കേരളത്തിൽ ഇരട്ടത്താപ്പ് നയമാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും പഴയ തെരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ എസ്.ഐ.ആർ നടപടികൾ അവർക്കെതിരെയും വേണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എന്നിവരുടെ സുരക്ഷാ വാഹനവ്യൂഹങ്ങൾക്ക് നേരെ നടന്ന പ്രതിഷേധങ്ങളും അനുബന്ധ സംഭവങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. ഉന്നത വ്യക്തികൾക്കെതിരായ ഇത്തരം പ്രതിഷേധങ്ങൾ ഇരു സർക്കാരുകളും തമ്മിലുള്ള സഹകരണത്തിന് തിരിച്ചടിയാകും
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിച്ചപ്പോൾ അവിടുത്തെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഈ പരാമർശങ്ങൾ നടത്തിയത്. കൊല്ലം സന്ദർശനത്തിനിടെ അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെയും, ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കളുടെ സുരക്ഷാവീഴ്ചയെയുമാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിച്ചത്.



